തിരുവല്ല: വറുതിയിലും ശക്തമായ നീരൊഴുക്കുള്ള മൂത്തേടത്ത് കുളം ശുചീകരിച്ച് സൗന്ദര്യവത്കരിക്കുന്ന പദ്ധതിക്ക് തുടക്കമായി. കവിയൂർ പഞ്ചായത്ത് 11 ാം വാർഡിലെ പടിഞ്ഞാറ്റുശ്ശേരിയിലാണ് മൂത്തേടത്ത് കുളം . പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് കുളം 50 സെന്റ് വിസ്തൃതിയുണ്ട്. ഏറെക്കാലമായി മാലിന്യം നിറഞ്ഞു ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. കൊതുകും കൂത്താടികളുമെല്ലാം വളർന്ന് സമീപവാസികൾക്കും ഭീഷണിയായിരുന്നു കുളം. കവിയൂർ ഗ്രാമപഞ്ചായത്തിന്റെ 2023-24ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൂത്തേടത്ത് കുളം ശുചീകരിക്കാൻ പദ്ധതി തയ്യാറാക്കിയത്. ഇതിനായി കേന്ദ്ര ധനകാര്യ കമ്മിഷൻ അനുവദിച്ച 12,31,850 രൂപ ചെലവഴിക്കും. ആധുനിക രീതിയിൽ നവീകരിക്കുന്ന പഞ്ചായത്തിലെ സ്റ്റേഡിയത്തിലേക്കുള്ള വഴിയോരത്താണ് കുളം സ്ഥിതിചെയ്യുന്നത്.
പദ്ധതി ഇങ്ങനെ
തോട്ടിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും പോളയുമെല്ലാം ഹിറ്റാച്ചിയുടെ സഹായത്തോടെ നീക്കം ചെയ്യും. കുളത്തിന്റെ വശങ്ങളിൽ കല്ലുകെട്ടി സംരക്ഷിക്കും. പൂച്ചെടികൾ നട്ടുവളർത്തി സൗന്ദര്യവത്കരിക്കും. സായാഹ്നങ്ങളിലും മറ്റും വിശ്രമിക്കാൻ കഴിയുംവിധം ഇരിപ്പിടങ്ങളും സജ്ജമാക്കും. സോളാർ പ്ലാന്റ് സ്ഥാപിച്ച് വെളിച്ചവും കാമറയും സ്ഥാപിക്കും. ജലസേചനത്തിനും പെഡൽ ബോട്ട് സഞ്ചാരത്തിനും ലക്ഷ്യമിടുന്നു.
മൂന്ന് മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും.
എം.ഡി. ദിനേശ് കുമാർ
കവിയൂർ പഞ്ചായത്ത് പ്രസിഡന്റ്