
പത്തനംതിട്ട : ഫണ്ട് വിനിയോഗത്തിലെ അപകാത കാരണം ജില്ലാപഞ്ചായത്തിന് 29.19 കോടി രൂപയുടെ ഗ്രാന്റ് നഷ്ടമായി. വികസന ഫണ്ട്, മെയിന്റനൻസ് ഗ്രാൻഡ് തുടങ്ങിയവയാണ് നഷ്ടപ്പെട്ടെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓഡിറ്റ് റിപ്പോർട്ടിൽ 73 അപാകതകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം, ആഭ്യന്തര നിയന്ത്രണ സംവിധാനങ്ങൾ തൃപ്തികരമാണെന്നും അക്കൗണ്ടിംഗ് സുതാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്‌കൂളുകൾക്ക് നാപ്കിൻ വൈൻഡിംഗ് മെഷീൻ, ഡിസ്‌ട്രോയർ, ലാപ്‌ടോപ്പ് പ്രിന്റർ എന്നിവ വാങ്ങുന്നതിനും ജല പരിശോധന ലാബ് തുടങ്ങുന്നതിനും ഉൾപ്പെടെ ഒൻപത് പദ്ധതികൾക്ക് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ഈ ഇനത്തിൽ നഷ്ടമായത് 2.96 കോടിയാണ്. പദ്ധതികൾക്ക് അനുമതി ലഭിച്ച് പണം വകയിരുത്തിയിട്ടും ചെലവഴിക്കാതെ ഫണ്ട് ലാപ്‌സാക്കിയതിന് നിർവഹണ ഉദ്യോഗസ്ഥനോട് ഓഡിറ്റ് വിഭാഗം വിശദീകരണം തേടിയെങ്കിലും മറുപടി നൽകിയില്ല.
രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരം സെക്കൻഡറി വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനും ലൈബ്രറി, ടോയ്‌ലറ്റ് തുടങ്ങി സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും ലഭിച്ച ഫണ്ടുകൾ 2018 മുതൽ ചെലവഴിച്ചിട്ടില്ല. ഈ ഇനത്തിൽ 1.66 കോടി ബാങ്കുകളിൽ അവശേഷിക്കുന്നു. സർവ്വ ശിക്ഷാ അഭിയാൻ കേന്ദ്ര ആവിഷ്‌കൃത ഫണ്ടിൽ നിന്ന് ലഭിച്ച 61 ലക്ഷം രൂപ ചെലവഴിച്ചിട്ടില്ല.
125 മരാമത്ത് പ്രവർത്തികൾ മുടങ്ങി
2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ നിർവഹണ ഉദ്യോഗസ്ഥനായി തുടങ്ങിയ 125 മരാമത്ത് പ്രവർത്തികളാണ് മുടങ്ങിയത്. ആകെ 17.40 കോടിയാണ് പദ്ധതികൾക്കായി വകയിരുത്തിയത്. നിബന്ധന പാലിക്കാതെ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കരാർ നൽകിയ ഇനത്തിൽ 25 ലക്ഷം രൂപ അടങ്കലുള്ള പദ്ധതി മുടങ്ങി.
ഐ.എസ്.ഒ സർട്ടിഫിക്കേഷൻ റദ്ദായി
ജില്ലാ പഞ്ചായത്തിന്റെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ റദ്ദായതായി ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ഭൗതിക സൗകര്യങ്ങളും ശുചിത്വ നിലവാരവും അഭികാമ്യമല്ല എന്ന കണ്ടെത്തലാണ് സർട്ടിഫിക്കേഷൻ റദ്ദാകാനുള്ള കാരണം.
നഷ്ടമായ ഗ്രാൻഡുകൾ
മെയിന്റനൻസ് ഗ്രാൻഡ് റോഡ് : 21,73,46,125 രൂപ.
വികസന ഫണ്ട് : 3,65,70,431
വികസന ഫണ്ട് (ജനറൽ) : 39,12,899 രൂപ,
മെയിന്റനൻസ് ഗ്രാൻഡ് റോഡ് ഇതരം : 425717 രൂപ