
പത്തനംതിട്ട : ജില്ലയിൽ ചിക്കൻ പോക്‌സ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ.അനിതകുമാരി അറിയിച്ചു. വേരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ചിക്കൻപോക്‌സിന് കാരണമാകുന്നത്. ചിക്കൻപോക്‌സ് മൂലമുണ്ടാകുന്ന കുമിളകളിലെ ദ്രവങ്ങളിലൂടെയും രോഗബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. ചിക്കൻപോക്സ് വൈറസിന്റെ ഇൻകുബേഷൻ സമയം 10 - 21 ദിവസമാണ്. ശരീരത്തിൽ കുമിളകൾ പൊന്തിത്തുടങ്ങുന്നതിന് രണ്ടു ദിവസം മുൻപ് മുതൽ അവ ഉണങ്ങി പൊറ്റയാകുന്ന ദിവസം വരെ അണുബാധ പകരാം.