kettu

പെരിങ്ങനാട്: ഭക്തരുടെ കണ്ണിനും മനസിനും കുളിർമയേകിയ കെട്ടുകാഴ്ചയോടെ തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനമായി. കൊട്ടും കുരവയും ആർപ്പുവിളികളും അമ്മൻകുടവും വാദ്യമേളങ്ങളും ആടി​ത്തി​മി​ർത്ത നേരത്താണ് കെട്ടുരുപ്പടികൾ ഒരോന്നും ക്ഷേത്രപരിസരത്തേക്കെത്തിയത്. നെറ്റിപ്പട്ടം കെട്ടി അലങ്കരിച്ച നന്ദികേശന്മാർ അഴകി​ന്റെ നി​റ​കാഴ്ചയായി​. വൈകിട്ട് ആറിന് തന്നെ ക്ഷേത്രത്തിന് മുമ്പിലെ കാളപ്പന്തിയിൽ പത്തുകരകളുടേയും കെട്ടുരുപ്പടി​കൾ നിരന്നു. ഒപ്പം മണക്കാല പ്രദേശത്തു നിന്നുള്ള കെട്ടുരുപ്പടിയും പതിനൊന്നാമതായി എത്തിയതോടെ ആറാട്ട് എഴുന്നള്ളത്തിന് തുടക്കമായി. തുടർന്ന് ക്ഷേത്രത്തിലെ ശാസ്താ ഉപക്ഷേത്രത്തിൽ കരപറഞ്ഞ് നാളികേരമുടച്ചതോടെ ചടങ്ങുകൾ ആരംഭിച്ചു. 6.30ന് ക്ഷേത്ര മൈതാനത്തെത്തിയ കെട്ടുരുപ്പടികൾ ആറാട്ടിനായി പോയി. ആറാട്ട് കുളത്തിനരികെ നിരത്തി നിറുത്തിയ നന്ദികേശന്മാർ കരകളുടെ ആവേശമായി​.