അടൂർ : കടമ്പനാട് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നിർമ്മാണ പദ്ധതിക്ക് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. സംസ്ഥാന കായിക വകുപ്പിന്റെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' എന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ്നിർമ്മാണം. ഒരു കോടി അടങ്കൽ വകയിരുത്തിയുള്ള ഈ വിഹിത പദ്ധതിയുടെ അൻപത് ശതമാനമായ 50 ലക്ഷം രൂപ ഡെപ്യൂട്ടി സ്പീക്കറുടെ നടപ്പ് വർഷ സാമാജിക ആസ്തി വികസനവികസന ഫണ്ടിൽനിന്നാണ് വകയിരുത്തിയിരിക്കുന്നത്. ഗ്രൗണ്ട് വികസനം, ഡ്രെയിനേജ് സംവിധാനങ്ങൾ, ചുറ്റുമതിൽക്കെട്ടുകൾ, ഫ്ലഡ് ലൈറ്റ് ക്രമീകരണം, ഗ്രൗണ്ട് വശങ്ങളിലായി റാൻഡം റബിൾ സങ്കേതത്തിലുള്ള സ്റ്റെപ്പ് ഗാലറി, ഓപ്പൺ ജിം എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പോർട്സ് കേരള ഫെഡറേഷനാണ് നിർമ്മാണ ചുമതല. പദ്ധതിയുടെ പൂർത്തീകരണത്തിന് ശേഷം തുടർച്ചയായ മൂന്ന് വർഷ കാലയളവിൽ സ്റ്റേഡിയം സംരക്ഷണത്തിന് വേണ്ട വാർഷിക ചെലവിനുള്ള തുക കൂടി ദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.