
മല്ലപ്പള്ളി : എഴുമറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസും പബ്ലിക് ഹെൽത്ത് വാനും കട്ടപ്പുറത്തായിട്ട് രണ്ടുവർഷമായി. പ്രത്യേകിച്ച് തകരാർ ഒന്നുമില്ലാത്ത വാഹനങ്ങൾ നിയമത്തിന്റെ നൂലാമാലയിൽ ഉപേക്ഷിക്കുകയായിരുന്നു. 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന കേന്ദ്രസർക്കാർ നിർദ്ദേശമാണ് വിനയായത്. വാഹനങ്ങളുടെ ടയറുകൾ അടക്കം തേയ്മാനം സംഭവിക്കാത്തതായിരുന്നു. കാലതാമസം കൂടാതെ ഇവ ലേലം ചെയ്തിരുന്നുവെങ്കിൽ നല്ല വില ലഭിച്ചേനെ, എന്നാൽ ലേല നടപടികൾ വൈകിയതോടെ വാഹനങ്ങൾ ആക്രിയുടെ പട്ടികയിലായി. കിഫ്ബിയിൽ നിന്ന് എട്ട് കോടി രൂപ മുടക്കി എഴുമറ്റൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനായി മൂന്ന് നിലകളിലുള്ള കെട്ടിടത്തിന്റെ പണികൾ പുരോഗമിക്കുകയാണ്. എഴുമറ്റൂർ - മല്ലപ്പള്ളി റോഡിൽ അട്ടക്കുഴിക്ക് സമീപമുള്ള അഗതിമന്ദിരത്തിലാണ് താത്കാലികമായി ആശുപത്രി പ്രവർത്തിക്കുന്നത്. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ഇവിടെ പ്രവേശനകവാടത്തിന് അരികിലാണ് വാഹനങ്ങൾ ഉപേക്ഷിച്ചിരിക്കുന്നത്.
എഴുമറ്റൂർ സ്കൂളിലെ ബസും കട്ടപ്പുറത്ത്
എഴുമറ്റൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ബസ് ഏഴുകൊല്ലമായി കട്ടപ്പുറത്താണ്. 2013ൽ അന്നത്തെ എം.എൽ.എയായിരുന്ന രാജു ഏബ്രഹാമിന്റെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ചതാണിത്. രണ്ട് അദ്ധ്യായന വർഷം കിതച്ച് ഒാടിയ ബസ് സാമ്പത്തിക പ്രതിസന്ധിയിൽ ബ്രേക്ക് ഡൗണായി. 2014ൽ പഞ്ചായത്ത് അംഗത്തിന്റെയും അദ്ധ്യാപകരുടെയും ക്വാറി ഉടമകളുടെയും സഹായത്തോടെ പണം കണ്ടെത്തി അറ്റകുറ്റപ്പണികളും ടെസ്റ്റിംഗും നടത്തിയെങ്കിലും, ഡ്രൈവറുടെ ശമ്പളവും ഡീസൽ തുകയും പി.ടി.എയ്ക്ക് ബാദ്ധ്യതയായി. സ്കൂൾ പരിസരത്ത് ഉപേക്ഷിച്ച ബസ് ലേലം ചെയ്യാൻ സ്കൂൾ അധികൃതർ ജില്ലാ പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും നടപടിയുണ്ടായില്ല.