കോന്നി: ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്.സന്ധ്യയെ സ്ഥലംമാറ്റിയതിനെതിരെ അദ്ധ്യാപകർക്കിടയിൽ വ്യാപക പ്രതിഷേധം. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ കഴിഞ്ഞ കുറെനാളുകളായി സൂപ്രണ്ടിന്റെ ഭാഗത്തുനിന്നുണ്ടായ ക്രമവിരുദ്ധ നീക്കങ്ങളെ തുടർന്നാണ് ജീവനക്കാർക്കിടയിൽ അസ്വസ്ഥതകൾ വളർന്നതെന്നാണ് ആരോപണം. അകാരണമായി ഓഫീസർക്കും ജീവനക്കാർക്കുമെതിരെ പൊലീസിൽ പരാതി നൽകാൻ സൂപ്രണ്ട് തയ്യാറായപ്പോഴാണ് എ.ഇ.ഒ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് റിപ്പോർട്ട് ചെയ്തത്. വിദ്യാഭ്യാസ ഉപഡയറക്ടർ ഒാഫീസിലെത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു. കലോത്സവവുമായി ബന്ധപ്പെട്ട് എ.ഇ.ഒ സൂക്ഷിച്ചിരുന്ന പേഴ്സണൽ ബുക്ക് ക്രമവിരുദ്ധമായി ക്ലാർക്കിൽ നിന്ന് സൂപ്രണ്ട് വാങ്ങിയത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ചോദ്യം ചെയ്തു. ഒാഫീസർ തന്നെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് സൂപ്രണ്ട് പൊലീസിൽ പരാതി നൽകുകയും ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു ഇതിന്റെ തുടർ അന്വേഷണ നടപടിയുടെ ഭാഗമായാണ് ഇരുവരെയും സ്ഥലംമാറ്റിയത്. ഈ നടപടിയാണ് ഉപജില്ലയിലെ അദ്ധ്യാപകരിൽ കടുത്ത പ്രതിഷേധം സൃഷ്ടിച്ചത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ സ്ഥലമാറ്റ ഉത്തരവ് പിൻവലിക്കണമെന്ന് വിവിധ അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു.