മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്തിലെ 7-ാം വാർഡ് ഉൾപ്പെട്ട അലഞ്ചേരിപ്പടിയിൽ റോഡ് സൈഡിൽ താമസിക്കുന്നവർ വാട്ടർ അതോറിറ്റി വക ജി.ഐ പൈപ്പിന് മുകളിൽ തീയിടുന്നത് പതിവെന്ന് പരാതി . കോട്ടാങ്ങൽ മലമ്പാറ ടാങ്കിൽ നിന്ന് കടൂർ കടവ് ഭാഗത്തേക്ക് പോകുന്ന കുടിവെള്ള പൈപ്പാണിത്. കൊടും ചൂടിൽ ജനങ്ങൾ കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടം ഓടുമ്പോഴാണ് ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനം റോഡ് സൈഡിലുള്ളവർ നടത്തുന്നത്. പൈപ്പിന് മുകളിൽ കിടക്കുന്ന ചപ്പ് ചവറുകൾ കത്തിക്കലാണ് ഉദ്ദേശമെങ്കിലും ,പൈപ്പ് ജോയിന്റ് വിട്ട് പോകുവാനും ലീക്ക് ആകാനും സാദ്ധ്യത ഏറെയാണ്. ഇത്തരക്കാർക്കെതിരെ ബന്ധപെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.