അടൂർ : മിത്രപുരം ഉദയഗിരി ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ മഹോത്സവം തുടങ്ങി. വിഗ്രഹഘോഷയാത്ര കഴിഞ്ഞ ദിവസം ആഘോഷമായി നടന്നു. വിഗ്രഹശിൽപ്പി ചെങ്ങന്നൂർ സദാശിവൻ ആചാരിയുടെ സാന്നിദ്ധ്യത്തിൽ പന്തളം രാജാവിൽ നിന്ന് ദേവീ വിഗ്രഹവും മയിൽവാഹനവും ഏറ്റുവാങ്ങി. തുടർന്ന് വിവിധ ക്ഷേത്രങ്ങളിലേയും പന്തളം എസ്.എൻ.ഡി.പി യൂണിയന്റെയും 225 മേലൂട്, 2006-ാം നമ്പർ ചാല , അടൂർ ടൗൺ ഗുരുക്ഷേത്രങ്ങളുടേയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉദയഗിരി ക്ഷേത്രത്തിലെത്തിച്ചു. തന്ത്രി അഡ്വ. രതീഷ് ശശിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ഇന്ന് രാവിലെ 6 മുതൽ വിവിധ പൂജകൾ. പുനഃപ്രതിഷ്ഠാ ദിനമായ 22 ന് രാവിലെ 5.45ന് അഷ്ടദ്രവ്യഗണപതിഹോമം, 6 ന് പ്രാസാദ പീഠ പ്രതിഷ്ഠകൾ, പ്രതിഷ്ഠാപൂർവാംഗക്രിയകൾ, ബിംബകലശാലങ്കാര പ്രദക്ഷിണം, ഉച്ചയ്ക്ക് 12.02 നും 12.54 നും മദ്ധ്യേ പുനഃപ്രതിഷ്ഠ, ഉച്ചയ്ക്ക് 1 ന് അന്നദാനം. തുടർന്ന് അഷ്ടബന്ധക്രിയ, ഉപദേവതാ പ്രതിഷ്ഠകൾ, താഴികക്കുടം പ്രതിഷ്ഠ, കലശാഭിഷേകം, ബ്രഹ്മകലശമെഴുന്നള്ളിക്കൽ, അഷ്ടബന്ധം ചാർത്തി ബ്രഹ്മകലശാഭിഷേകം, മഹാഗുരുപൂജ, രാത്രി 7 ന് നൃത്തസന്ധ്യ. 23 ന് സപ്തമാതൃക്കൽ പ്രതിഷ്ഠ, നിർമ്മാല്യധാരി പ്രതിഷ്ഠ, വലിയബലിക്കൽ പ്രതിഷ്ഠ. , 24 ന് വാഹനബിംബത്തിന് ശുദ്ധികലശാഭിഷേകം, ശയ്യാപൂജ, 25 ന് വാഹനകലശവും ബിംബവും ശ്രീലകത്തേക്ക് എഴുന്നള്ളിക്കൽ. ഉച്ചയ്ക്ക് 12.11 നും 12.33 നും മദ്ധ്യേ പുറപ്പാണികൊട്ടി ധ്വജാഗ്രത്തിലേക്ക് എഴുന്നള്ളിക്കൽ, തുടർന്ന് ധ്വജ പ്രതിഷ്ഠ, വാഹനകലശാഭിഷേകം, ഉച്ചയ്ക്ക് 12.45 ന് കൊടിയേറ്റ് സദ്യ, വൈകിട്ട് 3 ന് സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. എസ്. എൻ. ഡി. പി യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ അദ്ധ്യക്ഷതവഹിക്കും. ചുറ്റമ്പലസമർപ്പണം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നമസ്കാര മണ്ഡപ സമർപ്പണം കൈതപ്രം ദാമോദരൻ നമ്പൂതിരിയും, കൊടിമര സമർപ്പണം പന്തിരുകുല ആചാര്യൻ സ്വാമി ശിവാനന്ദ ശർമ്മയും നിർവഹിക്കും. ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാഗാനന്ദ, ഫാ. ഗീവർഗീസ് ബ്ളാഹേത്ത്, അഫ്സൽ മന്നാനി എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തും. വൈക്കം സനീഷ് ശാന്തി ശക്തിവേൽ സമർപ്പണം നടത്തും. രാത്രി 7 നും 7.30 നും മദ്ധ്യേ പുതിയ കൊടിമരത്തിൽ തൃക്കൊടിയേറ്റ് . 8ന് ഭക്തിഗാനമേള