അടൂർ : നഗരത്തിലെ സർക്കാർ ഒാഫീസുകളുടെ പരിസരത്ത് ശാപമോക്ഷം കാത്ത് നിരവധി വാഹനങ്ങൾ ഇപ്പോഴുമുണ്ട്. ആരോഗ്യവകുപ്പിന്റെ ആംബുലൻസ്, സ്റ്റാഫ് വാനുകൾ, മോട്ടോർ വാഹന വകുപ്പിന്റെ ജീപ്പ്, പൊലീസ് ജീപ്പുകൾ, വിവിധ കേസുകളിൽപ്പെട്ട വാഹനങ്ങൾ, മുനിസിപ്പാലിറ്റിയുടെ ടിപ്പർ ലോറി, ഫുഡ് സേഫ്ടി എൻഫോഴ്സിമെന്റിന്റെ ജീപ്പ് എന്നിങ്ങനെ നീളുന്നു പട്ടിക.
വിവിധ കേസുകളുമായി ബന്ധപ്പെട്ടവയും തൊണ്ടിമുതലായി വരുന്ന വാഹനങ്ങളും പൊലീസ് സ്റ്റേഷൻ വളപ്പിലുമുണ്ട്. കൂടാതെ കാലാവധി കഴിഞ്ഞ പൊലീസ് വാഹനങ്ങളും. മോട്ടോർ വാഹന വകുപ്പിന്റെ ഉപയോഗശൂന്യമായ വാഹനങ്ങൾ സിവിൽ സ്റ്റേഷന്റെ പാർക്കിംഗിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഒരു ഡസനോളം സർക്കാർ ഓഫീസുകളും അഭിഭാഷകരുടെ ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും ഉൾപ്പെടുന്ന സമുച്ചയമാണ് സിവിൽ സ്റ്റേഷൻ. പൊതുവെ പാർക്കിംഗ് സ്ഥലം കുറവുള്ള സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്ന് ഇത്തരം വാഹനങ്ങൾ അടിയന്തരമായി നീക്കം ചെയ്യേണ്ടിയിരിക്കുന്നു. ടൗൺ ഹാൾ നിർമ്മാണത്തിനായി തീരുമാനിച്ചിരിക്കുന്ന നഗരസഭയുടെ സ്ഥലത്ത് നഗരസഭയുടെ ടിപ്പർ ലോറി ഉപേക്ഷിച്ച നിലിയിലുണ്ട്. 15 വർഷം കഴിഞ്ഞ ലോറിയാണിത്.