പന്തളം: കൊടുംവേനലിൽ കുടിവെള്ളം തേടി വലയുകയാണ് പന്തളം തെക്കേക്കര നിവാസികൾ. വേനലിന്റെ ആരംഭത്തിൽത്തന്നെ ഇവിടുത്തെ കിണറുകൾ വറ്റിത്തുടങ്ങിയിരുന്നു. സ്വന്തമായി കുടിവെള്ള വിതരണ പദ്ധതി ഇല്ലാത്തതാണ് പ്രധാന പ്രശ്നം. തുമ്പമണിനും പന്തളം തെക്കേക്കരയ്ക്കുമായി കുടിവെള്ള പദ്ധതി ഉണ്ടെങ്കിലും അപര്യാപ്തമാണ്.
ഇടമാലി, പാറക്കര, ഭഗവതിക്കും പടിഞ്ഞാറ് വാർഡുകളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം. ഉയരം കൂടിയ പ്രദേശങ്ങളായ ഇവിടേയ്ക്ക് വെള്ളം എത്തുന്നില്ല. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ പൈപ്പ് തുറന്നാൽ പിന്നെ മുകളിലേക്ക് വെള്ളം കയറില്ല. ഇടമാലി വാർഡിലെ കുമ്പഴക്കുറ്റി കോളനിയിലേക്ക് വെള്ളമെത്തുന്നത് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ്. ഇവിടെയുള്ള അങ്കണവാടിയിൽ വെള്ളമില്ലാതെ കുട്ടികൾ ബുദ്ധിമുട്ടുന്നു.
വേനൽ ആരംഭിച്ചശേഷം ഇവിടെ കുടിവെള്ളം കിട്ടിയത് വളരെ കുറച്ചുദിവസം മാത്രമാണ്. കിണർ കുഴിച്ചാൽ പാറയായതിനാൽ അതിനും വഴിയില്ല.
തട്ടയിൽ ഭഗവതിക്കുംപടിഞ്ഞാറ് ഭാഗത്തേക്ക് വെള്ളം പമ്പുചെയ്യുന്നുണ്ടെങ്കിലും താഴ്ന്ന പ്രദേശത്തുള്ളവർ വെള്ളം എടുത്തുതുടങ്ങിയാൽ മുകൾ ഭാഗത്തേക്ക് വെള്ളം കിട്ടില്ല. താഴെയുള്ള സ്ഥലങ്ങളിലെ കിണറുകളിൽ നിന്നാണ് മുകൾ ഭാഗത്തുള്ളവർ വെള്ളം ശേഖരിക്കുന്നത്. ഇൗ കിണറുകളും വറ്റിയാൽ സ്ഥിതി രൂക്ഷമാകും.
കുടിവെള്ള പദ്ധതി പേരിന് മാത്രം
രണ്ട് പഞ്ചായത്തിന് ഒരു കുടിവെള്ള പദ്ധതിയാണുള്ളത്. തുമ്പമൺ പഞ്ചായത്തിലും പന്തളം തെക്കേക്കര പഞ്ചായത്തിലും വെള്ളം പമ്പുചെയ്യുന്നത് തുമ്പമണിൽ ആറ്റുതീരത്തെ കിണറിൽ സ്ഥാപിച്ചിട്ടുള്ള രണ്ട് മേട്ടോർ ഉപയോഗിച്ചാണ്.
ഒന്നിടവിട്ട ദിവസങ്ങളിലാണ് രണ്ടു പഞ്ചായത്തുകൾക്കും വെള്ളം നൽകിവരുന്നത്. ഇപ്പോൾ ആഴ്ചയിൽ നാലുദിവസം പന്തളം തെക്കേക്കര പഞ്ചായത്തിന് വെള്ളം നൽകുന്നുണ്ടെന്നാണ് കണക്ക്. ബാക്കി ദിവസങ്ങളിൽ ഇത് ശേഖരിച്ചുവച്ച് ഉപയോഗിക്കണം.കാലപ്പഴക്കം കാരണം പൈപ്പ് ലൈനുകൾ പൊട്ടി ജലം പാഴാകുന്നുമുണ്ട്. പലഭാഗത്തേക്കും അധികമായി പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജലവിതരണം കാര്യക്ഷമമാക്കിയിട്ടില്ല. തെക്കേക്കരയിലെ മറ്റ് ഭാഗങ്ങളിൽ കനാൽവെള്ളമെത്തിയാൽ കുറച്ച് ആശ്വാസമാകും. ഭഗവതിക്കും പടിഞ്ഞാറ് ഭാഗത്ത് കനാലിലെ വെള്ളവും ലഭിക്കുന്നില്ല.
2 പഞ്ചായത്തുകൾക്ക് ഒരു പദ്ധതി
@ തുമ്പമൺ, പന്തളം തെക്കേക്കര പഞ്ചായത്തുകളിലേക്ക് ജലവിതരണം ഒന്നിടവിട്ട ദിവസങ്ങളിൽ
@ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തുന്നില്ല