harvesting
പെരിങ്ങര ഗ്രാമപഞ്ചായത്തിലെ മേപ്രാൽ പടവിനകം ബി പാടശേഖത്തിൽ കൊയ്ത്ത് തുടങ്ങിയപ്പോൾ

തിരുവല്ല : അപ്പർകുട്ടനാടൻ മേഖലയിൽ നെൽകർഷകരുടെ സ്വപ്‌നങ്ങൾ വിളവെടുക്കുകയാണ്. കതിരുകൾ വിളവെത്തിയതോടെ ഇനി രണ്ടുമാസത്തോളം അവർക്ക് കൊയ്ത്തുകാലമാണ്. പെരിങ്ങര പഞ്ചായത്തിലെ മേപ്രാൽ പടവിനകം ബി പാടശേഖത്തിൽ തിങ്കളാഴ്ച ഈ സീസണിലെ ആദ്യത്തെ കൊയ്ത്ത് നടന്നു. 104 ഏക്കറുള്ള പാണാകരിയിൽ ഇത്തവണ ഭേദപ്പെട്ട വിളവാണ് ലഭിച്ചതെന്ന് കർഷകർ പറഞ്ഞു. നേരത്തെ വിതച്ച ഇവിടെ വിളനാശം ഉണ്ടാകാതെ കാലവർഷം അനുകൂലമായി. ജ്യോതി വിത്താണ് ഇവിടെ വിളവെടുത്തത്. പ്രദേശത്തെ മുതിർന്ന കർഷക തൊഴിലാളി ഫിലിപ്പോസ് നെൽക്കതിര് കൊയ്‌തെടുത്ത് തുടക്കം കുറിച്ചു. വാർഡ് മെമ്പർ ഷൈജു എം.സി, പാടശേഖരസമിതി സെക്രട്ടറി രാജൻ വർഗീസ്, കർഷകർ, തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. ഇന്ന് കടപ്ര പഞ്ചായത്തിലെ 50 ഏക്കറിലെ പരുത്തിക്കൽ പാടത്ത് കൊയ്ത്ത് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പെരിങ്ങര, നിരണം, കടപ്ര, നെടുമ്പ്രം, കുറ്റൂർ പഞ്ചായത്തുകളിലെയും തിരുവല്ല നഗരസഭയിലെയും മറ്റു പാടശേഖരങ്ങളിലും വൈകാതെ കൊയ്ത്ത് തുടങ്ങും. വേനലിൽ ചൂട് കൂടിയതിനാൽ വെള്ളം എത്തിക്കാനാകാതെ പലയിടത്തും കർഷകർ ആശങ്കയിലാണ്.

കൊയ്ത്തുയന്ത്രങ്ങൾ തമിഴ്നാട്ടിൽ നിന്ന്

ജില്ലയിൽ ഏറ്റവുമധികം നെൽകൃഷിയുള്ള പെരിങ്ങര പഞ്ചായത്തിലെ പ്രധാന പാടശേഖരങ്ങളിൽ അടുത്തയാഴ്ച കൊയ്ത്ത് ആരംഭിക്കും. പതിവുപോലെ ഇടനിലക്കാർ മുഖേന തമിഴ്നാട്ടിൽ നിന്നുള്ള കൊയ്ത്തുയന്ത്രങ്ങളാണ് എത്തിച്ചിരിക്കുന്നത്. 23ന് പടവിനകം എ പാടത്തും 25ന് പാണാകരി പാടത്തും വിളവെടുപ്പ് നടക്കും. ഏക്കറിന് 1950 രൂപയാണ് കൊയ്ത്തുയന്ത്രത്തിന് മണിക്കൂറിൽ വാടക നൽകേണ്ടത്. മേയ് ആദ്യവാരത്തോടെ കൊയ്ത്ത് പൂർത്തിയാകും.

നെല്ല് സംഭരണത്തിനുള്ള നടപടികളും തുടങ്ങി
പാടശേഖരങ്ങളിൽ വിളവെടുപ്പ് തുടങ്ങിയതോടെ നെല്ല് സംഭരണത്തിനുള്ള നടപടികളും തുടങ്ങി. മുൻ വർഷത്തെപ്പോലെ ഇക്കുറിയും ഒരുകിലോ നെല്ലിന് 28.32 രൂപ സംഭരണ വിലയായി കർഷകർക്ക് ലഭിക്കും. ഇതിൽ 12 പൈസ കൈകാര്യ ചെലവാണ്. ഇതിൽ 6.49 രൂപ സംസ്ഥാന വിഹിതവും ബാക്കി കേന്ദ്ര വിഹിതവുമാണ്. കൊയ്ത്ത് തുടങ്ങുന്നതിന് പത്തുദിവസം മുമ്പ് കർഷകർ അപേക്ഷയും മറ്റുരേഖകളും നെല്ല് സംഭരണ കേന്ദ്രത്തിൽ നൽകേണ്ടതാണ്. ഇതനുസരിച്ചാണ് ഓരോ പാടത്തെയും മില്ലുകൾ നിശ്ചയിക്കുന്നത്.

..........................

104 ഏക്കറിൽ നെൽകൃഷി

നെല്ലിന് 28.32 രൂപ സംഭരണ വില