വീണ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി മരിച്ചു
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരത്തിന് സമീപമുള്ള എറ്റവും ഉയർന്ന സ്ഥലമായ നൂറ്റവൻപാറയിൽ എത്തുന്നവർക്ക് സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിരവധി വിദ്യാർത്ഥികളും യുവതി യുവാക്കളുമാണ് ഇവിടെ നിത്യ സന്ദർശകരായി എത്തുന്നത്. കഴിഞ്ഞ ദിവസം വാട്ടർ ടാങ്കിന് മുകളിൽ നിന്നും പാറയ്ക്ക് മുകളിലേക്ക് തലയടിച്ചു വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരുക്കേറ്റിരുന്നു. ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി ഇന്നലെ മരിച്ചു. നൂറ്റവൻപാറയിലേക്ക് കയറുന്ന ഭാഗങ്ങളിൽ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. സന്ദർശകരായി എത്തുന്ന ചിലർ ഇവിടെ താമസിക്കുന്നവർക്കും ഭീഷണിയായി മാറാറുണ്ട്. പൊതികളിൽ ഭക്ഷണവുമായി എത്തുന്നവർ മിച്ചം വരുന്ന ആഹാര സാധനങ്ങളും മറ്റ് അവശിഷ്ഠങ്ങളും ഇവിടെ വലിച്ചെറിയുകയാണ്. നിയന്ത്രണമില്ലാതെയുള്ള യുവതി യുവാക്കളുടെ ഇതുവഴിയുള്ള സഞ്ചാരവും ബഹളവും സമീപ വാസികൾക്ക് സ്വൈര്യക്കേട് ഉണ്ടാക്കുന്നുണ്ട്.
താഴ്ന്ന പാറക്കെട്ടുകളും ഗർത്തങ്ങളും
നൂറ്റവൻപാറയുടെ തെക്കുഭാഗം അഗാധഗർത്തമാണ്.കിഴക്കും പടിഞ്ഞാറും എല്ലാം തന്നെ വളരെയേറെ താഴ്ന്ന പാറക്കെട്ടുകളാണ്. വടക്കു നിന്നും കിഴക്കു നിന്നും എത്തുന്ന സന്ദർശകർ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് പാറയുടെയും വാട്ടർ ടാങ്കിന്റെയും മുകളിലൂടെ നടക്കുന്നത്. എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാവുന്ന ഇവിടെ സന്ദർശകർക്കുള്ള സുരക്ഷയ്ക്കായി സംരക്ഷണ വേലി നിർമ്മിച്ചിട്ടില്ല.
കൂട്ടമായി കോളേജ് വിദ്യാർത്ഥികൾ
കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാർഥികൾ കൂട്ടം ചേർന്നാണ് ഇവിടെ എത്തുന്നത്. സന്ധ്യകഴിഞ്ഞാലും ഇവരുടെ സന്ദർശനം കഴിയാറില്ല എന്നാണ് നാട്ടുകാർ പറയുന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കാനുള്ള കേന്ദ്രമായി ഇവിടെ മാറി കഴിഞ്ഞു. സന്ദർശനത്തിന്റെ മറവിൽ പലരും അനാശാസ്യ പ്രവർത്തനങ്ങൾ വരെ നടത്തുന്നതായും നാട്ടുകാർ ആരോപിക്കുന്നു. ഗ്രാമസഭകളിൽ പലപ്രാവശ്യം ഇവിടുത്തെ വിഷയങ്ങൾ ഉന്നയിച്ചങ്കെിലും പുലിയൂർ പഞ്ചായത്ത് അധികൃതർ ഇത്കേട്ട ഭാവം പോലും നടിച്ചില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
1. നൂറ്റവൻപാറ കുടിവെള്ളപദ്ധതി
2. 200ൽ അധികം കുടുംബങ്ങളുടെ ആശ്രയം
3. 1969ൽ നൂറ്റവൻപാറയുടെ മുകളിൽ കരിങ്കല്ലുപയോഗിച്ച് ജലസംഭരണി നിർമ്മിച്ചു
.............................
നൂറ്റവൻപാറ
ചെങ്ങന്നൂരിലെ പൈതൃക സ്ഥലങ്ങളിൽ ഒന്നാണ് നൂറ്റവൻപാറ. പുലിയൂർ പഞ്ചായത്തിലെ നാലാം വാർഡിലാണ് നൂറ്റവൻപാറ സ്ഥിതി ചെയ്യുന്നത്.
................
പാറയ്ക്ക് മുകളിലേക്ക് കയറുന്നവർക്ക് പ്രവേശനം ഒരു വശത്ത് കൂടി മാത്രമാക്കുകയും പാറയ്ക്ക് മുകളിലെത്തുന്ന സന്ദർശകർ വാട്ടർ ടാങ്കിന് മുകളിൽ കയറാത്ത വിധത്തിൽ ടാങ്കിന് ചുറ്റും ഇരുമ്പു പൈപ്പുകൾ ഉപയോഗിച്ച് സംരക്ഷണ വേലികളും നിർമ്മിക്കണം.
സുരേഷ്
(പ്രദേശവാസി)