 
അടൂർ: ഒറ്റപ്പെട്ട് ദുരിത ജീവിതം നയിച്ച സരോജിനിയമ്മാളിനെ അടൂർ മഹാത്മാ ജനസേവനകേന്ദ്രം ഏറ്റെടുത്തു. ചേന്നമ്പളളി കരമാലേത്ത് പരേതനായ ചിന്നയ്യ ചെട്ടിയാരുടെ ഭാര്യ സരോജിനിയമ്മാൾ (90) കാടുപിടിച്ച് വഴിയില്ലാതായ സ്ഥലത്ത് മൺകട്ട കൊണ്ട് നിർമ്മിച്ച ഇടിഞ്ഞു വീഴാറായ വീട്ടിൽ അവശ നിലയിൽ കഴിയുകയായിരുന്നു. ആറ് മക്കളിൽ മൂന്ന് പേർ മരണപ്പെട്ടു. മറ്റുള്ളവർ സംരക്ഷിക്കാൻ തയ്യാറായില്ല. നാട്ടുകാരുടെ സഹായത്തോടെ കഴിയുകയായിരുന്നു. മക്കളും കൊച്ചുമക്കളുമെല്ലാം നല്ല നിലയിലെത്തിയെങ്കിലും അവഗണനയും ആക്ഷേപവും നിമിത്തം സരോജനിയമ്മാൾ അവരുടെ വീടുകളിലേക്ക് പോകാതായി. സരോജിനിയമ്മാളുടെ ദുരിതജീവിതം അടൂർ മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയെ നാട്ടുകാർ അറിയിച്ചു. തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ ബി. മോഹനൻ, വാർഡ് മെമ്പർ സുജിത്, ആർ.ഡി.ഒ ഓഫീസ് ഉദ്യോഗസ്ഥൻ സുധീപ്കുമാർ എന്നിവർ സ്ഥലത്തെത്തി. ഇവരുടെ സാന്നിദ്ധ്യത്തിൽ മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷിൽഡ, പ്രവർത്തകരായ അക്ഷർരാജ്, പുഷ്പ സന്തോഷ്, അനീഷ് ജോൺ, അമൽ രാജ് എന്നിവർ സരോജിനിയമ്മാളിനെ ഏറ്റെടുത്തു. സരോജിനിയമ്മാളിന് സംരക്ഷണം നൽകാത്ത മക്കൾക്കും കൊച്ചു മക്കൾക്കുമെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്ന് സാമൂഹ്യ നീതി ഓഫീസർ അറിയിച്ചു.