udf

പത്തനംതിട്ട : സിനിമകളുടെ പ്രെമോഷൻ വീഡിയോകളെ മാറ്റിനിറുത്തി തിരഞ്ഞെടുപ്പ് പ്രചരണ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ നിറയുകയാണ്. സ്ഥാനാർത്ഥിയുടെ ചിരിക്കുന്ന മുഖവും കിടു ബി.ജി.എമ്മും ഹെലിക്യാം ഷോട്ടുകളും ഒന്നിക്കുമ്പോൾ സംഭവം പൊളിയാണെന്ന് ന്യൂജനറേഷൻ സമ്മതിക്കും. മുപ്പത് സെക്കൻഡ് ദൈ‌ർഘ്യമുള്ള റീൽസ് സോഷ്യൽ മീഡിയയിൽ തരംഗമാകാൻ നിമിഷങ്ങൾ മതി. കുറഞ്ഞ സമയത്തിനുള്ളിൽ മില്യൺ വ്യൂസ്. കുറിക്കുകൊള്ളുന്ന വാചകങ്ങളും ട്രോളുകളും. ചുരുക്കത്തിൽ പ്രചാരണം ശരിക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ്. കമന്റ് ബോക്സിലും പൊരിഞ്ഞ യുദ്ധം കാണാം. വാക്ക് ശരങ്ങളുമായി അണികൾ അഴിഞ്ഞാടുകയാണ്. പത്തനംതിട്ടയിലെ സ്ഥാനാർത്ഥികൾ കൂടുതലും ഉപയോഗിക്കുന്നത് റീൽസുകളാണ്. പരിപാടികളുടെ വീഡിയോകൾ അപ്പോൾതന്നെ അപ് ലോഡ് ചെയ്യും. ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ വലിയൊരു ടീം തന്നെ എല്ലാ സ്ഥാനാർത്ഥികൾക്കുമുണ്ട്. യൂട്യൂബ്, ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയവയിലെല്ലാം ഒരേപോലെ പ്രചാരണം കത്തികയറുകയാണ്. പോസ്റ്റർ ഒട്ടിയ്ക്കൽ, ചർച്ചകൾ, കമ്മിറ്റികൾ, വിവിധ പ്രായത്തിലുള്ളവരുടെ അഭിപ്രായങ്ങൾ എന്നിവയും സോഷ്യൽ മീഡിയയിൽ നിറയുന്നു. അടുത്ത ദിവസത്തെ പരിപാടിയുടെ ചാർട്ടും തലേദിവസം സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്യും.

മോദിയുടെ ഗ്യാരന്റി

മോദിയുടെ ഗ്യാരന്റി... എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണിയുടെ പോസ്റ്റ‌റിലെ കുറിവാക്യം. സ്ഥാനാർത്ഥി പര്യടനം നടത്തുന്ന വീഡിയോ സ്ഥലത്തിന്റെയും വ്യക്തികളുടേയും പ്രാധാന്യത്തെ വിശദീകരിക്കുന്നുമുണ്ട്. സ്മാരകങ്ങൾ സന്ദർശിക്കുമ്പോൾ സ്മാരകത്തെക്കുറിച്ചുള്ള വിവരണം അടക്കം റീൽസിൽ ഉൾക്കൊള്ളിക്കും. വാഹനജാഥയും സ്വീകരണവുമെല്ലാം ഇതിലുണ്ട്.

ഇടത്താണ് ഹൃദയം, അവിടെയുണ്ട് ഐസക്

ഇടത്താണ് ഹൃദയം, അവിടെയുണ്ട് ഐസക്ക് എന്ന് തുടങ്ങുന്ന എൽ.ഡി.എഫ് പോസ്റ്റുകളിൽ ‌ഏറെയും സാധാരണ ജനവിഭാഗമാണുള്ളത്. വികസന പ്രവർത്തനങ്ങളാണ് റീൽസായും പോസ്റ്ററായും എൽ.ഡി.എഫ് ഉപയോഗിക്കുന്നത്. ദിവസേനയുള്ള പ്രചാരണം അന്നുതന്നെ റീൽസാക്കി പ്രവർത്തകരിലേക്കും വേഗത്തിൽ എത്തിക്കുന്നു. വോട്ടർമാരുമായുള്ള മുഖാമുഖങ്ങളും വീഡിയോകളിൽ ഗാനങ്ങളുടെ അകമ്പടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

നാടിനൊപ്പം നമ്മുടെ ആന്റോ
നാടിനൊപ്പം നമ്മുടെ ആന്റോ.. എന്ന രീതിയിലുള്ള പോസ്റ്രറുകളാണ് യു.ഡി.എഫ് ഉപയോഗിക്കുന്നത്. സർക്കാരിന്റെ പദ്ധതികളിലെ പാളിച്ചകളും കോൺഗ്രസ് ആയുധമാക്കുന്നു. പ്രചാരണത്തിന്റെ വീഡിയോകളും അപ്ലോഡ് ചെയ്യും. മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളാണ് മറ്റൊന്ന്. ജില്ലാതലം മുതൽ ബൂത്ത് തലം വരെ കോർഡിനേറ്റർമാരുണ്ട്.

30 സെക്കൻഡിൽ

മനസിൽ ഇടംതേടും