crossway-
കൈവരി നന്നാക്കിയ മുക്കം കോസ്‌വേ

റാന്നി : മുക്കം കോസ്‌വേയിൽ പ്രളയത്തിൽ തകർന്ന കൈവരി നന്നാക്കി. ഇനി ഇതുവഴി സുരക്ഷിതമായി യാത്രചെയ്യാം .കൈവരികൾ തകർന്നും ഇരുവശങ്ങളും കാടുമൂടിയ നിലയിലുമായിരുന്നു കോസ്‌വേ. മുക്കം പ്രദേശത്തെ പെരുനാടുമായി ബന്ധിപ്പിക്കുന്ന കോസ്‌വേയുടെ ശോച്യാവസ്ഥയെപ്പറ്റി നിരവധി പരാതികളുണ്ടായിരുന്നു. ശക്തമായ മഴ പെയ്ത് പമ്പയാറ്റിൽ ജലനിരപ്പ് ഉയരുമ്പോൾ പലപ്പോഴും കോസ്‌വേ മുങ്ങാറുണ്ട്. കുത്തിയൊഴുകി വരുന്ന മഴവെള്ളത്തോടൊപ്പം തടികളും മറ്റും വന്നിടിച്ച് നാശാവസ്ഥയിലായിരുന്ന കൈവരികൾ. 2018 ലെ പ്രളയത്തിൽ പൂർണമായും തകർന്നു. മുക്കം പ്രദേശത്തുനിന്ന് വരുന്ന വഴി കുത്തിറക്കമാണ്. ഇവിടെനിന്ന് ഇറങ്ങിവരുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ടാൽ നേരെ പമ്പയാറ്റിലേക്ക് പതിക്കുമെന്ന സ്ഥിതിയിലായിരുന്നു. കാൽനടയാത്രക്കാർക്കും ഭീഷണിയായിരുന്നു. പെരുനാട് പഞ്ചായത്ത് ഇടപെട്ടാണ് അറ്രകുറ്റപ്പണി നടത്തിയത്. മുക്കത്തിനുപുറമെ അടിച്ചിപുഴ, നാറാണംമൂഴി പ്രദേശങ്ങളിലുള്ളവർക്കും അത്തിക്കയം വഴി യാത്ര ചെയ്യാതെ പെരുനാട്, മടത്തുംമൂഴി, വടശേരിക്കര എന്നിവിടങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴിയാണ് കോസ് വേ.