
ശബരിമല : പൂങ്കാവനത്തിലെ പതിനെട്ടു മലകളേയും സാക്ഷിയാക്കി ആനപ്പുറത്തേറിയുള്ള അയ്യപ്പസ്വാമിയുടെ എഴുന്നള്ളത്ത് ഭക്തിനിർഭരമായി. വാദ്യമേളങ്ങളുടെയും ശരണംവിളികളുടെയും അകമ്പടിയോടെയാണ് ഉത്സവത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ എഴുന്നള്ളത്ത് ആരംഭിച്ചത്. ഉത്സവപൂജകളിലൂടെ ചൈതന്യവത്തായ അയ്യപ്പസ്വാമിയുടെ വിഗ്രഹം കണ്ടുതൊഴാൻ തീർത്ഥാടക പ്രവാഹമാണ് ഇന്നലെയും ഉണ്ടായത്. രാത്രി ശ്രീഭൂതബലിയുടെ ഭാഗമായുള്ള ആചാരപരമായ പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷമാണ് വിളക്കിനെഴുന്നള്ളിപ്പ് ആരംഭിച്ചത്. ഉത്സവത്തിന്റെ ഭാഗമായി ശരംകുത്തിയിലേക്കുള്ള പള്ളിവേട്ട എഴുന്നള്ളിപ്പ് 24ന് നടക്കും. 25നാണ് ആറാട്ട്. രാവിലെ 7.30ന് ഉഷഃപൂജയ്ക്കും ആറാട്ടുബലിക്കും ശേഷം ആനപ്പുറത്തേറി അപ്പാച്ചിമേട് നീലിമലവഴി ഘോഷയാത്രയായി പമ്പയിലേക്ക് പുറപ്പെടും.