21-vettoor-padayani
വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിൽ പടയണിയിൽ അരങ്ങേറ്റം കുറിക്കുന്ന പുതിയ ബാച്ച്.


വെട്ടൂർ : വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിലെ പടേനി തുടങ്ങി. 24 ന് സമാപിക്കും. ആയിരവില്ലേശ്വര കലാഗ്രാമത്തിന്റെ നേതൃത്വത്തിലാണ് പടേനി. 2017 മേയ് ഒന്നിന് പടേനി ആചാര്യൻ പ്രസന്നകുമാർ കടമ്മനിട്ടയുടെ അനുഗ്രഹത്തോടെയാണ് വെട്ടൂരിൽ വീണ്ടും പടേനിപരിശീലനം തുടങ്ങിയത്. കോലം തുള്ളലിലും പാട്ടിലുമായി 50 കലാകാരൻമാർ അടങ്ങുന്നതാണ് ആയിരവില്ലേശ്വര കലാഗ്രാമം.

പുലവൃത്തം, ഗണപതി, മറുത, പക്ഷി, യക്ഷി എന്നിവയാണ് തുള്ളുന്നത്.
വർഷങ്ങൾക്ക് മുമ്പുവരെ 22 ദിവസത്തെ പടേനിയാണ് ഇവിടെ ഉണ്ടായിരുന്നത്. കാലാന്തരത്തിൽ ദിവസങ്ങൾ ചുരുങ്ങി. ഇപ്പോൾ മൂന്ന് ദിവസം മാത്രമാണ് പടേനി. വെട്ടൂർ ദേശവുമായി ബന്ധപ്പെട്ട് 18 കരക്കാർ പഴയകാലത്ത് ഉണ്ടായിരുന്നെന്നും 22 ദിവസമാണ് പടേനി നടത്തിയുരന്നതെന്നും പഴമക്കാർ പറയുന്നു. വലഞ്ചൂഴി ദേവീക്ഷേത്രത്തിൽ സ്ഥിരമായി പടേനി നടത്തിയിരുന്നത് വെട്ടൂരിലെ പടേനി ആശാന്മാരായിരുന്നു. ഒരിക്കൽ പടേനി അവതരിപ്പിക്കാൻ ഇറങ്ങിയ ആശാന്മാർ നടന്നു ക്ഷീണിച്ച് വാളിപ്പാറയിൽ ഇരുന്ന് വിശ്രമിച്ചു. തലേദിവസത്തെ ഉറക്കക്ഷീണം കൂടി ഉണ്ടായിരുന്നതിനാൽ അവർ ഉറങ്ങിപ്പോയി . ചൂട്ടുവയ്ക്കുന്ന സമയത്ത് വലഞ്ചൂഴിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. വൈകിയെത്തിയ ആശാന്മാരെ കരനാഥന്മാരുടെ നേതൃത്വത്തിൽ ആക്ഷേപിച്ചെന്നും ഇതിൽ മനം നൊന്ത് അവർ വലഞ്ചൂഴി ദേവിയുടെ ചൈതന്യത്തെ ആവാഹിച്ച് വെട്ടൂരിലേക്ക് കൊണ്ടുവന്ന് ആയിരവില്ലന്റെ ഉപദേവതയായി ക്ഷേത്രമതിൽക്കകത്ത് പ്രതിഷ്ഠിച്ചെന്നാണ് ഐതിഹ്യം.

പടേനിയിലെ വെട്ടൂർ കുമ്പഴച്ചിട്ട

പടേനിയിൽ തെക്കൻവടക്കൻ ചിട്ടകളാണുള്ളത്. ജില്ലയിലെ ഭൂരിപക്ഷം ദേവീക്ഷേത്രങ്ങളിലും തെക്കൻ ചിട്ടയിലുള്ള പടേനിയാണ് നടത്തുന്നത്. ഇതിൽ ദ്രാവിഡഗോത്രത്തിന്റെ പഴമയോട് ചേർന്ന് നിൽക്കുന്ന പടേനിക്ക് പൈതൃകഗ്രാമത്തിന് മാത്രമായുള്ള തനത് ചിട്ടയുണ്ടായിരുന്നു. വെട്ടൂർകുമ്പഴച്ചിട്ടയെന്നാണ് അത് അറിയപ്പെട്ടിരുന്നത്. ഈ ചിട്ടയ്ക്ക് ചുക്കാൻ പിടിച്ചയാളാണ് കറുത്താശാൻ. ഒരു കാലത്ത് ഇവരായിരുന്നു വെട്ടൂർ, വലഞ്ചൂഴി, താഴൂർ, കടമ്മനിട്ട എന്നിവിടങ്ങളിൽ പടേനിക്ക് നേതൃത്വം നൽകിയിരുന്നത്.