കോന്നി : വന്യജീവി ആക്രമണത്തിൽ കോന്നി മേഖലയിൽ കഴിഞ്ഞ എട്ടു വർഷങ്ങൾക്കുള്ളിൽ 20 ജീവനുകളാണ് പൊലിഞ്ഞത്. സുഹൃത്തുക്കൾക്കൊപ്പം ബുധനാഴ്ച്ച രാത്രിയിൽ കല്ലാറിൽ മീൻപിടയ്ക്കാൻ വലകെട്ടുമ്പോൾ ആണ് കാട്ടാനയുടെ ആക്രമണത്തിൽ ദിലീപ് മരിച്ചത്. റാന്നി വനം ഡിവിഷനിലെ ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പുളിഞ്ചാൽ വനമേഖലയിലായിരുന്നു സംഭവം. ജനവാസമേഖലയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയായതിനാൽ ഒപ്പമുണ്ടായിരുന്ന രണ്ടുപേരിൽ ഒരാൾ നാട്ടിലെത്തി അപകട വിവരം അറിയിക്കുകയായിരുന്നു. രാത്രി വൈകി രക്ഷാപ്രവർത്തകർ എത്തുമ്പോൾ അപകടസ്ഥലത്ത് കാട്ടാന നിലയുറപ്പിച്ചിരുന്നു. വനംവകുപ്പ് സ്‌ട്രൈക്കിംഗ് ഫോഴ്സ് പടക്കം പൊട്ടിച്ച് ആനയെ തുരത്തിയശേഷമാണ് മൃതദേഹം നീക്കിയത്. പത്തനംതിട്ട ജനറൽ ആശുപ്രത്രിയിൽ പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
കാട്ടാനകൾ, കാട്ടുപന്നികൾ, കടുവകൾ, മ്ലാവുകൾ, വിഷപാമ്പുകൾ, കാട്ടുപൂച്ചകൾ, തേനീച്ചകൾ എന്നവയുടെ ആക്രമണങ്ങൾ ഇവിടെ നേരത്തെ ഉണ്ടായിട്ടുണ്ട്.
കൊന്നുതിന്ന് കടുവയും കാട്ടുപൂച്ചയും
കൊക്കാത്തോട് വനത്തിൽ കയറിയ രവിയേയും തണ്ണിത്തോട് മേടപ്പാറ പ്ലാന്റേഷൻ കോർപറേഷൻ റബർത്തോട്ടത്തിൽ വച്ച് ടാപ്പിംഗ് തൊഴിലാളി ബിനീഷ് മാത്യുവിനേയും കടുവകൾ കൊന്നിരുന്നു. കൊക്കാത്തോട് നെല്ലിക്കപ്പാറ വടക്കേച്ചെരുവിൽ ഷാജിയെ കുറിച്ചി വനത്തിനുള്ളിലാണ് കാട്ടാന കൊലപ്പെടുത്തിയത്. തണ്ണിത്തോട് മേടപ്പറയിൽ പ്ലാന്റെഷൻ കോർപ്പറേഷന്റെ റബർ ത്തോട്ടത്തിൽ കാട്ടുതേനീച്ചകളുടെ ആക്രമണത്തിൽ ചെന്നാപ്പാറ അഭിലാഷും മരണപ്പെട്ടു. മണ്ണിറയിൽ കർഷകന് നേരെ കരടിയുടെ ആക്രമണം ഉണ്ടായെങ്കിലും രക്ഷപെടുകയായിരുന്നു. കഴിഞ്ഞ എട്ടു വർഷത്തിനിടെ പാമ്പുകടിയേറ്റ് 14 പേർ മരിച്ചു. കാട്ടുപ്പൂച്ചയുടെയും കാട്ടുപന്നിയുടെയും ആക്രമണത്തിൽ ഒാരോ ജീവനും നഷ്ടമായി.
നഷ്ടമായത് കുടുംബത്തിന്റെ അത്താണി
കോന്നി : തേക്കുത്തോട്ടിലും പരിസരങ്ങളിലും കൂലിപ്പണി ചെയ്തു ഉപജീവനം നടത്തിയിരുന്ന ആളായിരുന്നു കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ മരിച്ച ഏഴാംതല നെടുമനാൽ ദിലീപ്. സുഹൃത്തുക്കൾക്കൊപ്പം കല്ലാറ്റിൽ മീൻ പിടിക്കാൻ പോകുന്നത് പതിവായിരുന്നു. വന്യമൃഗങ്ങളുടെ മുന്നിൽ അകപെട്ടാലും രക്ഷപ്പെടാൻ ഇവർക്ക് സാധിച്ചിരുന്നു. ഏഴാംതല വനമേഖലയിൽ കാട്ടനക്കൂട്ടങ്ങൾ പതിവാണ്. ദിലീപും കൂട്ടുകാരും ചൊവ്വാഴ്ച്ച രാത്രിയിലും പുളിഞ്ചാൽ വനത്തിൽ വച്ച് കാട്ടാന കൂട്ടത്തെ കണ്ടതാണ്. ദിലീപിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓമനക്കുട്ടനാണ് വിവരം ബുധനാഴ്ച്ച രാത്രി നാട്ടിൽ അറിയിച്ചത്. ദിലീപിന്റെ ഒപ്പം ഉണ്ടായിരുന്ന മറ്റ് രണ്ടു പേരും ഓടി രക്ഷപെടുകയായിരുന്നു. വാഹനത്തിൽ നിന്ന് ഇറങ്ങി ഒരുകിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചു വേണം സംഭവ സ്ഥലത്ത് എത്താൻ. വടശേരിക്കര റേഞ്ച് ഓഫീസർ കെ.വിരതീഷിന്റെ നേതൃത്വത്തിൽ തണ്ണിത്തോട്, ഗുരുനാഥൻമണ്ണ് ഫോറസറ്റ് സ്റ്റേഷനിലെ വനപാലകരും പോലീസും സംഭവസ്ഥലത്ത് എത്തിയപ്പോഴും കാട്ടാന കൂട്ടം മൃതദേഹത്തിന്റെ സമീപത്തുനിന്ന് മാറിയിരുന്നില്ല. പടക്കം പൊട്ടിച്ചു ഇവയെ തുരത്തിയതിനു ശേഷമാണ് രാത്രി 9 മണിയോടുകൂടി മൃതദേഹം വനത്തിൽ നിന്ന് പുറത്തെത്തിക്കാൻ കഴിഞ്ഞത്.
കാട്ടാന കൊന്ന ദിലീപിന്റെ സംസ്കാരം നടത്തി
കോന്നി : കാട്ടാന ആക്രമണത്തിൽ മരിച്ച തേക്കുതോട് ഏഴാംതല സ്വദേശി ദിലീപിന്റെ സംസ്കാരം ഇന്നലെ വീട്ടുവളപ്പിൽ നടന്നു. ആന്റോ ആന്റണി.എം.പി, കെ.യു.ജനീഷ്കുമാർ എം.എൽ.എ എന്നിവർ വീട്ടിലും ആശുപത്രിയിലും എത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. വനംവകുപ്പ് അടിയന്തര സഹായമായി 25,000 രൂപ ബന്ധുക്കൾക്ക് കൈമാറി. കെ.യു.ജനീഷ്കുമാർ എം.എൽ.എ, വനംമന്ത്രി എ.കെ.ശീന്ദ്രനുമായി ഫോണിൽ ബന്ധപ്പെട്ട് കുടുംബാംഗങ്ങൾക്ക് അടിയന്തര സഹായം നൽകണമെന്ന് ആവശ്യപ്പെട്ടു.