f

ആറൻമുള വിമാനത്താവള പദ്ധതിക്കെതിരെ സമരം തുടങ്ങിയപ്പോൾ ഭൂരഹിതരായ അറുന്നൂറിലധികം കുടുംബങ്ങളെയാണ് രാഷ്ട്രീയ പാർട്ടികൾ സമര ഭൂമിയിൽ താമസിപ്പിച്ചത്. ഭൂമി സ്വന്തം പേരിലാക്കി നൽകുമെന്നായിരുന്നു വാഗ്ദാനം. പക്ഷേ പിന്നീട് ആരും ഇവരെ തിരിഞ്ഞുനോക്കിയില്ല.

ആറൻമുള: കരിമാരം തോടിന്റെ കരഭാഗത്ത് കുറച്ച് താമസക്കാരുണ്ട്. കുടിക്കൻ വെള്ളവും രാത്രിയിൽ വെളിച്ചവുമില്ല. കുടിലുകൾക്ക് പിന്നിലെ തുറസായ താഴ്ന്ന ഭാഗങ്ങളിലേക്ക് ചൂണ്ടി ഇതാണ് ഞങ്ങളുടെ ശൗചാലയമെന്ന് അവർ പറഞ്ഞു. ഇരുള് വീഴുമ്പോഴോ കുടിലിന്റെ മറവിലോ ആണ് സ്ത്രീകൾ കുളിക്കുന്നത്. മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ സൗകര്യങ്ങളില്ല. താമസിക്കാൻ വാസയോഗ്യമായ സ്ഥലം അനുവദിക്കാമെന്ന വാഗ്ദാനം പൊള്ളയായിരുന്നുവെന്ന് പല സ്ഥലങ്ങളിൽ നിന്ന് വന്ന് വിമാനത്തവാള സമരഭൂമിയിൽ പന്ത്രണ്ട് വർഷമായി താമസക്കുന്നവർ രോഷത്തോടെ പറഞ്ഞു.

''പാർലമെന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ ഇങ്ങോട്ടു വരേണ്ട. വന്നാൽ ഞങ്ങൾക്ക് ചിലത് ചോദിക്കാനുണ്ട്. പന്ത്രണ്ട് വർഷത്തിനിടെ പല തിരഞ്ഞെടുപ്പുകൾ കഴിഞ്ഞു. ഞങ്ങളുടെ ഗതി ഇങ്ങനെ തന്നെ..." ടാർപ്പാളിൻ കൊണ്ട് കെട്ടിയ കുടിലിന് മുന്നിലിരുന്ന് അറുപത്തിമൂന്നുകാരനായ ഭാനുവിക്രമൻ ആചാരി പറഞ്ഞു. ശ്വാസകോശ രോഗം കാരണം ഇദ്ദേഹം ജോലിക്കു പോകുന്നില്ല. ഭാര്യ ജഗദമ്മയുമൊത്ത് കുടിലിന് സമീപം കൃഷി നടത്തിയിരുന്നു. പന്നികൾ ഒന്നും ബാക്കി വയ്ക്കാത്തതിനാൽ ഉപേക്ഷിച്ചു. റേഷൻ കാർഡില്ല. സ്വന്തമായി ഉണ്ടായിരുന്ന കിടപ്പാടം മക്കൾക്ക് എഴുതിക്കൊടുത്താണ് പാർട്ടിക്കാരെ വിശ്വസിച്ച് ഇങ്ങോട്ടു പോന്നത്. അവർ പിന്നീട് കൈയൊഴിഞ്ഞു. ഇനി എങ്ങോട്ടും പോകുന്നില്ല, ഇവിടെക്കിടന്ന് മരിക്കുമെന്ന് ജഗദമ്മ.

ദുരിത ജീവിതം

കുടിവെള്ളം കിട്ടാതെ വന്നപ്പോൾ സമരഭൂമിയിലെ താമസക്കാർ പരസ്പരം സഹായിച്ച് കിണർ വെട്ടി. എല്ലാവർക്കും കിണറില്ല. വൈദ്യുതിയില്ല. വിളക്കിലൊഴിക്കാൻ മണ്ണെണ്ണ അവർക്ക് കിട്ടില്ല. ഡീസൽ വാങ്ങിയൊഴിക്കും. അതിന്റെ രൂക്ഷഗന്ധവും കരിയുമാണ് കുടിലുകൾക്കുള്ളിലെ പാത്രങ്ങളിലും വസ്ത്രങ്ങളിലും.

തോട്ടിൽ നിന്ന് പിടിച്ച വയമ്പ് മീൻ കഴുകി വെട്ടാൻ ഭാര്യ വിജയമ്മയെ സഹായിച്ചു കൊണ്ടിരുന്ന ഒാലക്കുടിലിലെ ഗോപാലകൃഷ്ണൻ മുഖം കറത്തു പറഞ്ഞു, ' മറ്റ് സ്ഥലങ്ങളിലുള്ള മക്കൾ നൽകുന്ന റേഷനരിയുണ്ട്. ഇൗ മീൻ കറിവച്ചാണ് അത്താഴം..'. ആർക്കോ വേണ്ടി സമരം ചെയ്യാനെത്തി കുടുങ്ങിപ്പോയതിന്റെ അമർഷം. ഇപ്പോൾ ഞങ്ങളെ ആർക്കും വേണ്ട, സൗകര്യമുള്ളവർക്ക് വോട്ട് ചെയ്യുമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. ആകെയുണ്ടായിരുന്ന രണ്ടര സെന്റ് സ്ഥലം മൂന്ന് മക്കളിൽ ഒരാൾക്ക് നൽകി. മറ്റ് രണ്ടു പേരും വാടക വീടുകളിൽ താമസിക്കുന്നു. ഇങ്ങനെ ഒരാേ പ്രയാസങ്ങളിലാണ് സമരഭൂമിയിലുള്ളവർ കഴിയുന്നത്.

അന്ന് 600ലധികം, ഇപ്പോൾ 22 കുടുംബങ്ങൾ

ഭൂരഹിതരായ അറുന്നൂറിലധികം കുടുംബങ്ങളെയാണ് വിമാനത്താവള പദ്ധതിക്കെതിരെ സമരം തുടങ്ങിയപ്പോൾ രാഷ്ട്രീയ പാർട്ടികൾ ഇവിടെ താമസിപ്പിച്ചത്. ഭൂമി തിരിച്ച് സ്വന്തം പേരിലാക്കി തരുമെന്നായിരുന്നു വാഗ്ദാനം. ജില്ലയിലെയും സമീപ ജില്ലകളിലെയും ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങളാണ് കുടിലകളിൽ എത്തിയത്. കുരുന്നു കുട്ടികളും അസുഖബാധിതരും വാർദ്ധക്യത്തിന്റെ അവശത അനുഭവിച്ചവരുമെല്ലാം സമരഭൂമി സ്വപ്നഭൂമിയാക്കി കഴിഞ്ഞുകൂടി. ഒടുവിൽ, ഒന്നാം പിണറായി സർക്കാർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു. സമരഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ചു. സമര നേതാക്കൾ പ്രദേശത്ത് നിന്ന് മടങ്ങി. അനാഥരെപ്പോലെ കുറേ കുടുംബങ്ങൾ അവശേഷിച്ചു. തൊഴിലില്ലാതെയും മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റും സൗകര്യങ്ങളില്ലാതെയും വലഞ്ഞ കുടുംബങ്ങൾ പാർട്ടി നേതാക്കളെ സമീപിച്ചു. ശരിയാക്കാമെന്ന് ആവർത്തിച്ചുകൊണ്ടിരുന്ന വാക്കുകളിൽ പ്രതീക്ഷയില്ലാതെ വന്നതോടെ ഏറെപ്പേർക്കും സമരഭൂമി വിട്ടുപോവുകയല്ലാതെ മാർഗമില്ലാതായി. എങ്ങോട്ടും പോകാൻ ഇടമില്ലാത്തവരാണ് ഇപ്പോഴുള്ളത്.

രണ്ടു വർഷത്തിനിടെ, മിച്ചഭൂമിയിൽ നാല് പേർ മരണമടഞ്ഞു. ശവദാഹത്തിന് സ്ഥലമില്ലാതെ രണ്ട് മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിന് കൈമാറി. ഒരാളെ ബന്ധുക്കൾ കൊണ്ടുപോയി. അടുത്തിടെ അസുഖബാധിതയായി മരിച്ച പൊന്നമ്മ എന്ന അറുപത്തൊന്നുകാരിയെ മിച്ചഭൂമിയിൽ ദഹിപ്പിച്ചു.

ആറൻമുള സമരം

ആറൻമുളയിൽ നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തി വിമാനത്താവളം പണിയാൻ കെ.ജി.എസ് എന്ന സ്വകാര്യ കമ്പിനിക്ക് ഉമ്മൻചാണ്ടി സർക്കാരും കേന്ദ്രത്തിലെ യു.പി.എ സർക്കാരും അനുമതി നൽകിയതിനെതിരെ നാട്ടുകാർ ആരംഭിച്ച സമരം 2012ൽ ശക്തമായി. കവയിത്രി സുഗതകുമാരിയുടെ നേതൃത്വത്തിൽ വിമാനത്താവള വിരുദ്ധ സമരസമിതി നടത്തിയ പ്രക്ഷോഭത്തിൽ സി.പി.എം, ബി.ജെ.പി തുടങ്ങി കോൺഗ്രസിതര രാഷ്ട്രീയ പാർട്ടികളും സംഘപരിവാർ സംഘടനകളും അണിനിരന്നു. വിമാനത്താവളത്തിന് തത്വത്തിൽ അനുമതി നൽകിയത് വി.എസ് അച്യുതാനന്ദർ സർക്കാരാണെന്ന് വാദമുയർന്നെങ്കിലും, വി.എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സമരത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി. പദ്ധതി പ്രദേശത്ത് ഭൂരഹിത പട്ടികജാതി കുടംബങ്ങളെ താമസിപ്പിച്ചു. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാരും സംസ്ഥാനത്ത് ഒന്നാം പിണറായി സർക്കാരും അധികാരത്തിൽ വന്നതോടെ വിമാനത്താവളത്തിനുള്ള എല്ലാ അനുമതികളും റദ്ദാക്കി. പദ്ധതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു

ആറൻമുള വിമാനത്താവളത്തിനായി ഏറ്റെടുത്തത് 275 ഏക്കർ സ്ഥലം

മിച്ചഭൂമിയായി പ്രഖ്യാപിച്ചത് 2021ൽ