
റാന്നി : നെഞ്ചിടിപ്പ് നിലച്ചുപോയ സർക്കാർ വാഹനങ്ങളുടെ നിര കാടുമൂടിയും മണ്ണോടലിഞ്ഞും റാന്നിയിലുമുണ്ട്. ഇതിൽ കൂടുതലും പൊലീസും വനംവകുപ്പും വിവിധ കേസുകളിൽ പിടികൂടിയവയാണ്. റാന്നി പൊലീസ് സ്റ്റേഷൻ പരിസരത്തും വനംവകുപ്പ് ഓഫീസിന് സമീപത്തും ഇവ കാണാനാകും. ഇരുചക്ര വാഹനം മുതൽ ലോറികൾ വരെ തുരുമ്പെടുത്തു നശിക്കുകയാണ്. കോടതികളിൽ കേസുകൾ നടക്കുന്നതിനാൽ പല വാഹനങ്ങളും നീക്കാനാകാത്ത സാഹചര്യമാണുള്ളത്. നിയമലംഘനങ്ങൾക്ക് പിടികൂടുന്ന വാഹനങ്ങൾ കൃത്യമായി സൂക്ഷിക്കാൻ ഇടമില്ലാത്തതാണ് ഇൗ ദുരവസ്ഥയ്ക്ക് കാരണം. പൊലീസ് സ്റ്റേഷൻ നവീകരണം നടന്നപ്പോൾ ഏറെ വാഹനങ്ങൾ പത്തനംതിട്ട യാർഡിലേക്ക് മാറ്റിയിരുന്നു. റാന്നി മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ 20 വർഷത്തോളം പഴക്കമുള്ള ആംബുലൻസ് ഉപേക്ഷിച്ചിട്ട് വർഷങ്ങളായി. ഇത് ലേലം ചെയ്തു വിൽക്കാനോ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനോ സാധിച്ചിട്ടില്ല.
15 വർഷം പിന്നിട്ട വാഹനങ്ങൾ സർക്കാർ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് നിയമതടസമുള്ള സ്ഥിതിക്ക് ഇനിയും വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വാഹനങ്ങൾ വഴിവക്കിൽ കാടുകയറിയേക്കാം. തുരുമ്പെടുത്തു നശിക്കുന്നവ ലേലം ചെയ്തു വിൽപ്പന നടത്തിയാൽ വരുമാനത്തിനൊപ്പം അനാസ്ഥയുടെ അടയാളങ്ങളും മായും.