മല്ലപ്പള്ളി : മല്ലപ്പള്ളി ടൗണിലും സമീപത്തും വീണ്ടും ഉയർന്ന രാഷ്ട്രിയ പാർട്ടികളുടെ അടക്കമുള്ള ഫ്ലെക്സ് ബോർഡുകൾ പൊതുമരാമത്ത് അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് നീക്കം ചെയ്തു. ടൗണിലെ വൺവേയിൽ കൂടിയുള്ള വാഹനയാത്ര അപകടഭീതിയുളവാക്കുന്നതായി യാത്രക്കാരുടെ പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. ഫെബ്രുവരിയിൽ ടൗണിലും സമീപത്തും സ്ഥാപിച്ചിരുന്ന ഫ്ലെക്സ്ബോർഡുകൾ എടുത്തിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ വാഹനയാത്രക്കാരുടെ കാഴ്ചമറയ്ക്കും വിധം വലുപ്പത്തിലുള്ള ബോർഡുകളും ചിലയിടങ്ങളിൽ സ്ഥാപിച്ചത് പരാതിക്ക് ഇടയാക്കി. പ്രചാരണാർത്ഥം സ്ഥാപിച്ചതും പൊതു പരിപാടി കഴിഞ്ഞ ബോർഡുകൾ അടക്കമുള്ളവയാണ് നീക്കം ചെയ്തത്. എന്നാൽ, വൈദ്യുതിത്തൂണുകളിലെ ഫ്ലെക്സ് ബോർഡുകളുടെ ശേഖരം തന്നെ കാണാൻ കഴിയും. സെൻട്രൽ ജംഗ്ഷനിലും സമീപത്തും അനധികൃതമായ കൊടികളും ഫ്ലെക്സ് ബോർഡുകളുംസ്ഥാപിക്കാൻ പാടില്ലെന്ന് പരസ്യപ്പെടുത്തുന്നതിന് താലൂക്ക് വികസനസമിതിയിൽ തീരുമാനം എടുത്തിരുന്നു. സെൻട്രൽ ജംഗ്ഷൻ കേന്ദ്രീകരിച്ചാണ് കൂടുതൽ ബോർഡുകൾസ്ഥാപിക്കുന്നത്. മുന്നറിയിപ്പുബോർഡുകൾ പോലും കാണാൻ കഴിയാത്തസ്ഥിതിയാണ് ഇവ സ്ഥാപിച്ചിരുന്നത്. ടൗണിലുള്ള ഫ്ലെക്സ് ബോർഡുകൾ കാൽനടക്കാർക്കാണ് ഏറെ ഭീഷണിയാക്കിയിരുന്നത്. നടപ്പാതകളിലേക്കു തള്ളിനിൽക്കുന്ന ബോർഡുകൾ കാരണം റോഡിലേക്കിറങ്ങി സഞ്ചരിക്കേണ്ട സ്ഥിതിയാണെന്നും പരാതി ഉയർന്നിരുന്നു.