കോഴികൾക്ക് പ്രത്യേക സംരക്ഷണം ഒരുക്കി
ചെങ്ങന്നൂർ: കൊടുംചൂടിൽ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിലെ കോഴികൾക്ക് പ്രത്യേക സംരക്ഷമമൊരുക്കി. താപനില ഉയർന്നത് കോഴികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇതിന് പരിഹാരമായി വൈറ്റമിൻ സി മരുന്നുകളും ഫ്രീസറിൽ വച്ച് തണുപ്പിച്ച വെള്ളവുമാണ് കോഴികൾക്ക് നൽകുന്നത്. തൈര്, പപ്പായ എന്നിവയും കൊടുക്കുന്നു. 11,000 കോഴികളും കോഴിക്കുഞ്ഞുങ്ങളുമാണ് ഹാച്ചറിയിലുള്ളത്. വേനൽച്ചൂട് മുട്ടയുത്പാദനത്തെയും ബാധിച്ചിട്ടുണ്ട്.
ഇവിടെ ഉത്പാദിപ്പിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ ഏറ്റവുമധികം വാങ്ങുന്നത് പഞ്ചായത്തുകളാണ്. പഞ്ചായത്തുകളുടെ വാർഷിക പദ്ധതിയിൽ കോഴിക്കുഞ്ഞുങ്ങളെ നൽകുന്ന പദ്ധതി പ്രകാരമാണ് വിതരണം. 45 മുതൽ 60 ദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് നൽകുന്നത്. ഒരു കോഴിക്കുഞ്ഞിന് 120 രൂപയാണ് വില. അഞ്ചെണ്ണം അടങ്ങുന്നതാണ് യൂണിറ്റ്. ഓരോ പഞ്ചായത്തും വലിയ തോതിലാണ് കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നത്. സർക്കാർ ഏജൻസികളിൽ നിന്ന് മാത്രമെ വാങ്ങാവൂ എന്ന നിർദ്ദേശമുള്ളത് ഹാച്ചറിക്ക് അനുഗ്രഹമായി. അതേസമയം സ്വകാര്യഫാമുകളിൽ വളർത്തുന്ന കോഴിക്കുഞ്ഞുങ്ങളുടെ വില അടിക്കടിയാണ് ഉയർത്തുന്നത്.
കോഴിക്കുഞ്ഞ്, കോഴിമുട്ട എന്നിവയുടെ ഉത്പാദനത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ കേന്ദ്രമായിരുന്നു ചെങ്ങന്നൂർ ഹാച്ചറി. ഇപ്പോൾ പ്രതിമാസം 80,000 കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നുണ്ട്. 500 ദിവസം വരെയാണ് മുട്ടയുത്പാദനത്തിനായി കോഴികളെ വളർത്തുന്നത്. അതുകഴിഞ്ഞാൽ ഇറച്ചിയാവശ്യത്തിന് വിൽക്കും. നാടൻകോഴികളെ കൂടാതെ ഗ്രാമശ്രീ, കാവേരി തുടങ്ങിയ സങ്കരയിനങ്ങളുമുണ്ട്. മാസം ഒരുലക്ഷം കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.
നവീകരണം വൈകുന്നു
സെൻട്രൽ ഹാച്ചറി നവീകരിക്കാനുള്ള പദ്ധതി ഇതുവരെ നടപ്പായില്ല. പുതിയ ഷെഡുകൾ, പുതിയ ഇൻക്യൂബേറ്ററുകൾ, ഫീഡ് ഫാമിന്റെ നവീകരണം എന്നിവ ഉൾപ്പെടുത്തിയുള്ള പദ്ധതി നേരത്തെ തയ്യാറാക്കിയതാണ്. ഏഴുകോടിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അംഗീകാരമായിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 1.25 കോടി രൂപയാണ് കോഴിമുട്ടയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വില്പനയിലൂടെ ഹാച്ചറി നേടിയത് .
-----------------------
ഹാച്ചറിയിൽ 11,000 കോഴികളും കോഴിക്കുഞ്ഞുങ്ങളും
പ്രതിമാസം ഉത്പാദിപ്പിക്കുന്നത് 80,000 കുഞ്ഞുങ്ങളെ
--------------------
വേനൽക്കാലത്ത് കോഴികൾക്ക് പ്രത്യേക സംരക്ഷണം നൽകണം. തണുത്ത വെള്ളവും പഴങ്ങളും കൊടുക്കണം. കൊടുംചൂടിൽ മുട്ടുകൾ പെട്ടെന്ന് കേടാകും.
ഷിബു മുഹമ്മദ്
( മുളക്കഴയിലെ മുട്ട വ്യാപാരി )