 
തിരുവല്ല : കദളിമംഗലം കാവിലമ്മയുടെ തട്ടകത്തിൽ പടേനിക്ക് ചൂട്ടുവച്ചു. ശ്രീവല്ലഭ ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് ഇരുവെള്ളിപ്പറ- തെങ്ങേലി -വെൺപാല കരക്കാർ ചേർന്ന് ദീപം ഏറ്റുവാങ്ങി. താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി വെൺപാല വഴി ക്ഷേത്രത്തിലെത്തിച്ചു. മേൽശാന്തി സുരേഷ് നമ്പൂതിരി ദീപം ഏറ്റുവാങ്ങി ക്ഷേത്രത്തിലെ വിളക്കിൽ പ്രതിഷ്ഠിച്ചു. തുടർന്ന് ആദ്യം ഇരുവെള്ളിപ്പറ - തെങ്ങേലി കരകൾക്ക് വേണ്ടി കരയിലെ മുതിർന്ന പടയണി ആശാൻ ഇരുവെള്ളിപ്പറ വടശേരിൽ പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ അക്കര കുറുപ്പെ ചൂട്ട് വെച്ചോട്ടെയെന്ന് മൂന്നാവർത്തി ചോദിച്ച് അനുവാദം വാങ്ങി കാവുണർത്തി കളത്തിൽ ചൂട്ടുവച്ചു. വെൺപാലകരയ്ക്ക് വേണ്ടി കരയിലെ മുതിർന്ന പടയണി ആശാൻ വെൺപാല ശാന്താഭവൻ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ അനുവാദം വാങ്ങി കളത്തിൽ ചൂട്ടുവച്ചു. ഇതോടെ 10 നാൾ ചൂട്ടു പടയണിയും 10 നാൾ കോലം തുള്ളലുമായി മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും ദൈർഘ്യമേറിയതും ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും വൈവിദ്ധ്യങ്ങളായ കോലങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായതുമായ കദളിമംഗലം പടേനിയ്ക്ക് തുടക്കമായി. . 30ന് ഇരുവെള്ളിപ്പറ -തെങ്ങേലി കരക്കാരുടെ എഴുതിത്തുള്ളലോടെ കോലം തുള്ളലിന് തുടക്കമാകും.