cgnr
നീരൊഴുക്കു നിലച്ച ഉത്തരപ്പള്ളിയാർ

ചെങ്ങന്നൂർ: കൈയേറ്റത്തിനിരയായി ഉത്തരപ്പള്ളിയാർ തോടായി മാറി. ഒരുകാലത്തെ ജലസമൃദ്ധിയുടെ ഒാർമ്മകളുമായി നീരൊഴുക്കില്ലാതെ കിടക്കുകയാണ് നദി. മുമ്പ് ഗതാഗത മാർഗംകൂടിയായിരുന്നു ആറ്. നാട്ടിലെ കാർഷികമേഖലയ്ക്ക് ആവശ്യമായ വെള്ളം അന്ന് ഇവിടെ നിന്നായിരുന്നു.

വെണ്മണി, ആലാ, ചെറിയനാട്, പുലിയൂർ, ബുധനൂർ പഞ്ചായത്തിലെ എണ്ണയ്ക്കാട് വില്ലേജുകളിലായി വ്യാപിച്ചുകിടന്ന നൂറുകണക്കിന് പാടശേഖരങ്ങളിലെ നെൽകൃഷിക്കും ഇടവേളകളിലെ പച്ചക്കറി കൃഷിക്കും ഉത്തരപ്പള്ളിയാറ്റിൽ നിന്നുള്ള വെള്ളമാണ് ഉപയോഗിച്ചിരുന്നത്. വെള്ളം കയറ്റുന്നതിനും ഇറക്കുന്നതിനുമുള്ള കൈത്തോടുകളും പമ്പ് ഹൗസുകളും ചീപ്പുകളും അന്ന് ഉണ്ടായിരുന്നു. ഇൗ തോടുകളെല്ലാം ഇന്ന് അപ്രത്യക്ഷമായി. അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി 18 കിലോമീറ്റർ ദൂരത്തിൽ ഒഴുകിയിരുന്ന ഉത്തരപ്പള്ളിയാറിന്റെ മിക്കഭാഗങ്ങളും കൈയേറിയതോടെ നദി നാശത്തിലായി. 10 കിലോമീറ്റർ ദൂരത്തിലുള്ള കൈത്തോടായി ആറ് മാറി. ബാക്കി ഭാഗം കാണാനില്ല. ആലാ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഭാഗത്താണ് ഏറ്റവും കൂടുതൽ കൈയേറ്റം നടന്നിട്ടുള്ളതെന്ന് സർവേയിലൂടെ കണ്ടെത്തിയിരുന്നു. ആലാപ്രദേശത്തു മാത്രം ഒന്നര കിലോമീറ്ററോളം കൈയേറിയിട്ടുണ്ട്. ആറിന്റെ ചില ഭാഗത്ത് 25 മീറ്ററോളം വീതിയുള്ളപ്പോൾ പലയിടത്തും കൈത്തോടിന്റെ വലിപ്പം പോലുമില്ല. കൈയേറിയ ഭാഗങ്ങളിൽ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. നീരൊഴുക്കു നിലച്ച ഭാഗങ്ങളിൽ മരങ്ങളും കുറ്റിക്കാടുകളുമാണ് അങ്ങിങ്ങായി വെള്ളമുള്ള ഭാഗത്ത് മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു . ഒഴുക്കില്ലാതെ ജലം കെട്ടിക്കിടക്കുന്നതുമൂലം പരിസ്ഥിതി പ്രശ്നങ്ങളുമുണ്ട്. കെട്ടിക്കിടക്കുന്ന മലിനജലം ഉറവകളായി ഒലിച്ചിറങ്ങി അറിന്റെ സമീപ പ്രദേശങ്ങളിലെ കിണറുകളിൽ എത്തുന്നത് രോഗങ്ങൾക്ക് കാരണമാകുന്നു. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി ഉത്തരപ്പള്ളിയാറ് സംരക്ഷിക്കണമെന്ന ആവശ്യവും കടലാസിൽ ഒതുങ്ങി.

വിനയായത് കൈയേറ്റം.

കൂടുതൽ കൈയേറ്റം ആലാ പഞ്ചായത്തിൽ

നദി ഒഴുകിയിരുന്നത് 5 ഗ്രാമപഞ്ചായത്തുകളിലായി

കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി സംരക്ഷിക്കണം