venpala
വെൺപാല കദളിമംഗലം ക്ഷേത്രത്തിന് സമീപം തോട്ടിൽ മാലിന്യങ്ങൾ ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നു

തിരുവല്ല: മാലിന്യങ്ങൾ അടിഞ്ഞുകൂടി ഭൂരിഭാഗം തോടുകളും ഒഴുക്ക് നിലച്ച് സംരക്ഷണമില്ലാതെ നശിക്കുന്ന കാഴ്ചയാണ് പലയിടത്തും. പമ്പ, മണിമല നദികളുടെ കൈവഴിയായി ഒഴുകി ഗ്രാമീണ മേഖലകളെ സമൃദ്ധിയാക്കിയിരുന്ന തോടുകളാണ് മലിനമായി കിടക്കുന്നത്. മണിമലയാറിന്റെ കൈവഴിയായി കുറ്റൂർ പഞ്ചായത്തിലെ കദളിമംഗലം, വെൺപാല കരയിലും മുൻസിപ്പാലിറ്റിയിലെ ഇരുവെള്ളിപ്ര, കിഴക്കുമുറി കരകളിലൂടെ ഒഴുകി നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളിലൂടെ ഒഴുകി വീണ്ടും മണിമലയാറ്റിൽ സംഗമിക്കുന്ന നിരവധി തോടുകളുണ്ട്. ആലപ്പുഴ ചന്തയിലേക്കും പുളിക്കീഴ് പഞ്ചസാര ഫാക്ടറിയിലേക്കുമെല്ലാം ചരക്കുകൾ എത്തിച്ചിരുന്ന വലിയ കെട്ടുവള്ളങ്ങൾ പോയിരുന്ന തോടുകളാണിത്‌. എന്നാൽ പതിറ്റാണ്ടുകൾക്ക് മുമ്പ് നല്ല വീതിയുണ്ടായിരുന്ന ഈ തോടുകളുടെ പലഭാഗങ്ങളും ഇപ്പോൾ മെലിഞ്ഞു. തീരങ്ങളിൽ നിന്നിരുന്ന മുളങ്കൂട്ടങ്ങൾ വ്യാപകമായി തോടുകളിലേക്ക് വീണുകിടക്കുകയാണ്. മഴക്കാലത്തും വെള്ളപ്പൊക്കത്തിലും ഒഴുകിയെത്തിയ മാലിന്യങ്ങളെല്ലാം ഈ മുളങ്കൂട്ടങ്ങളിൽ കുടുങ്ങി പലയിടത്തും ഒഴുക്ക് തടസപ്പെട്ട നിലയിലാണ്. ചെറിയ വള്ളങ്ങൾക്ക് പോലും തോട്ടിലൂടെ പോകാൻ കഴിയില്ല. പ്രളയകാലത്ത് ഒഴുകിയെത്തി തോടുകളിൽ അടിഞ്ഞു കൂടിയ എക്കലും നദികളുടെ ആഴംകുറച്ചു. കൊടും വരൾച്ചയിൽ നദികളിലെ ജലനിരപ്പ് താഴ്ന്നതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ മിക്ക തോടുകളും നാശോന്മുഖമായി. തോടുകളിൽ വെള്ളത്തിന്റെ നിറംമാറിയതിനൊപ്പം ദുർഗന്ധവും കാരണം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇതുമൂലം മലിനജലം ഉറവയായെത്തി സമീപ പ്രദേശങ്ങളിലെ കിണറുവെള്ളവും മലിനമായി കിടക്കുകയാണ്.

................................................................

ജലാശയങ്ങൾ ശുചീകരിച്ച് നീരൊഴുക്ക് പുനസ്ഥാപിക്കാനുള്ള ക്രിയാത്മക പദ്ധതികൾ ആവിഷ്‌ക്കരിച്ച് ജനങ്ങളുടെ ജീവനാഡികൾ സംരക്ഷിക്കാൻ അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണം
അഭിലാഷ് വെട്ടിക്കാടൻ
ഫോക്കസ് ക്ലബ് ട്രഷറർ,

വെൺപാല

1. തോടുകളിൽ വെള്ളത്തിന്റെ നിറംമാറി ദുർഗന്ധം

2 . കിണറുകൾ മലിനം