പ്രമാടം : പ്രമാടത്ത് വീണ്ടും തെരിവുനായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇതുവഴി യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരു രക്ഷയും ഇല്ലാത്ത അവസ്ഥയാണ്. വാഹനത്തിൽ പോകുന്നവരെയും നടന്ന് പോകുന്ന കൊച്ചുകുട്ടികൾ ഉൾപ്പടെയുള്ളവരെയും പിൻതുടർന്ന് ഇവ ആക്രമിക്കുകയാണ്. പ്രമാടം പഞ്ചായത്തിനെ പത്തനംതിട്ട നഗരവുമായി ബന്ധിപ്പിക്കുന്ന പാറക്കടവ് പാലവും പരിസരവും ഇവയുടെ പ്രധാന കേന്ദ്രമായി വീണ്ടും മാറിയിട്ടുണ്ട്. നിരവധി നായ്കളാണ് ഇവിടം കേന്ദ്രീകരിച്ച് തമ്പടിച്ചിരിക്കുന്നത്. രാത്രിയുടെ മറവിലെ മാലിന്യ നിക്ഷേപവും സമീപത്തെ ഇറച്ചിക്കടയുമൊക്കെയാണ് തെരുവ് നായ ശല്യം രൂക്ഷമാകാൻ പ്രധാന കാരണം. നായ്കൾ കാരണം മിക്ക ദിവസങ്ങളിലും ഇവിടെ അപകടങ്ങളും സംഭവിക്കാറുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇതുവഴിയുള്ള പ്രഭാത സവാരിയും ഇപ്പോൾ നാട്ടുകാർ നിറുത്തിയിരിക്കുകയാണ്. പ്രമാടം സ്കൂൾ ജംഗ്ഷൻ, തകടിയത്ത്മുക്ക്, മൃഗാശുപത്രിപടി, പൂങ്കാവ് മാർക്ക​റ്റ്, തെങ്ങുംകാവ്, വട്ടക്കുളഞ്ഞി എന്നിവിടങ്ങളെല്ലാം വീണ്ടും തെരിവുനായകളുടെ വിഹാര കേന്ദ്രങ്ങളായി മാറിയിട്ടും ഇവയെ ഉൻമൂലനം ചെയ്യാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ഒരുവർഷത്തിനിടെ മൂന്ന് പേ പിടിച്ച നായ്ക്കളെ നാട്ടുകാർ പ്രമാടത്ത് തല്ലിക്കൊന്നിരുന്നു. ഇവയുടെ കടിയേ​റ്റ വളർത്ത് നായ്കളും പശു, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളും ചത്ത് വീണ സംഭവവും അടുത്തിടെ ഉണ്ടായിട്ടുണ്ട്. പ്രദേശത്തെ വീടുകളിലെ കോഴി, താറാവ്, മുയൽ, ആട് എന്നിയെയും ഇവ കൂട്ടത്തോടെയത്തി പിടികൂടുന്നുണ്ട്. നേരത്തെ തെരിവുനായ്കളെ പിടികൂടുന്നതിനും വന്ധീകരിക്കുന്നതിനും പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോഴില്ല. നാടിന് ഭീഷണിയായി മാറിയിരിക്കുന്ന ഇവറ്റകളെ ഉൻമൂലനം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.