വടക്കേ ഗോപുരനട 5.30 ന് തുറക്കും

തിരുവല്ല : ഐതീഹ്യപ്പെരുമയോടെ ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്രശ്രീബലി മഹോത്സവം നാളെ നടക്കും. രാവിലെ 5ന് ഉത്രശ്രീബലി അറിയിപ്പും ഹരിനാമകീർത്തനവും. 8ന് നാരായണീയ പാരായണം. വൈകിട്ട് 4ന് ഭഗവതിമാരെ ഏറങ്കാവ് ദേവീക്ഷേത്രത്തിൽനിന്ന് സ്വീകരിച്ച് ആനയിക്കും. തുടർന്ന് പൈനുംമൂട്ടിൽ പടിയ്ക്കൽ ജിവിതകളി. വൈകിട്ട് 5.30ന് ഭഗവതിമാരെ സ്വീകരിക്കാനായി വർഷത്തിൽ ഒരിയ്ക്കൽ മാത്രമായി വടക്കേഗോപുര വാതിൽ തുറക്കും. ആചാരമര്യാദകളോടെ പടപ്പാട്, കരുനാട്ടുകാവ്, ആലുംതുരുത്തി ഭഗവതിമാർ വടക്കേഗോപുരം വഴി മതിലകത്ത് പ്രവേശിക്കും. തുടർന്ന് ക്ഷേത്ര ബലിക്കപുരയ്ക്കൽ എത്തുന്ന മൂന്ന് ഭഗവതിമാരെയും ശ്രീവല്ലഭ സ്വാമിയും മഹാസുദർശന മൂർത്തിയും ഗരുഡ വാഹനത്തിലെത്തി സ്വീകരിച്ച് ക്ഷേത്രത്തിന്റെ വടക്ക് കിഴക്കേമൂലയിൽ അഞ്ചീശ്വര സംഗമവും ദർശനവും നടക്കും. മുപ്പത്തിമുക്കോടി ദേവഗണങ്ങളുടെയും സാന്നിദ്ധ്യം ഈ അഞ്ചീശ്വര സംഗമത്തിൽ ഉള്ളതായും ദർശനപുണ്യമായും ഭക്തർ വിശ്വസിക്കുന്നു. 6.30ന് ചുറ്റുവിളക്കും തുടർന്ന് ആറാട്ടിനായി ഭഗവതിമാർ തുകലശേരി ആറാട്ട് കടവിലേക്ക് പോകും. ശേഷം തിരുവാതിര, നൃത്തനൃത്ത്യങ്ങൾ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും. രാത്രി 11ന് ശ്രീവല്ലഭ-സുദർശനമൂർത്തികളുടെ ശ്രീബലി എഴുന്നള്ളിപ്പ് നടക്കും. ഈസമയം ആലുംതുരുത്തി ഭഗവതി ശ്രീവല്ലഭ സ്വാമിയ്ക്കും മഹാസുദർശന മൂർത്തിയ്ക്കും അഭിമുഖമായി അഷ്ടപദി ജീവിതകളിയും അരങ്ങേറും. തുടർന്ന് കരിനാട്ടുകാവ്, പടപ്പാട് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നതും ആലംതുരുത്തി ഭഗവതിയുടെ കൂടിപ്പിരിയൽ കൈനീട്ട സമർപ്പണം എന്നിവയും നടക്കും. കൈനീട്ടം സ്വീകരിച്ച് ആലംതുരുത്തി ഭഗവതി വടക്കേനടവഴി മടങ്ങുമ്പോൾ വടക്കേഗോപുരനട അടയ്ക്കുന്നതോടെ ഉത്രശ്രീബലി ഉത്സവാഘോഷങ്ങൾക്ക് സമാപനമാകും.