തിരുവല്ല: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെയും കേരള ഫുട്ബാൾ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാഫുട്ബാൾ അസോസിയേഷൻ നടത്തുന്ന ഫുട്ബാൾ പരിശീലകർക്കായുള്ള ഡി സർട്ടിഫിക്കറ്റ് കോഴ്സ് തിരുവല്ല മാർത്തോമ്മ കോളജിൽ ആരംഭിച്ചു. ഫുട്ബാൾ പരിശീലക രംഗത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ആദ്യ ചവിട്ടുപടിയാണ് ഈ പരിശീലനം. വിവിധ ജില്ലകളിൽനിന്ന് പങ്കെടുക്കുന്ന 24 പരിശീലക ട്രെയിനികളിൽ പത്തനംതിട്ടയിൽ നിന്ന് 14പേരുണ്ട്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ കോച്ച് എഡ്യൂക്കേറ്റർ സതീവൻ ബാലനാണ് മുഖ്യപരിശീലകൻ. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാറും മാർത്തോമ്മ കോളജ് പ്രിൻസിപ്പൽ ഡോ.ടി.കെ.മാത്യു വർക്കിയും ചേർന്ന് ട്രയിനികൾക്കുളള ജേഴ്സി റിലീസ് ചെയ്ത് കോഴ്സ് ഉദ്ഘാടനം ചെയ്തു. കോളജ് ട്രഷറാർ തോമസ് കോശി, കെ.എഫ്.എ ട്രഷറാർ ഡോ.റെജിനോൾഡ് വർഗീസ്, മുൻ വൈസ് പ്രസിഡന്റ് റെൻജി ജേക്കബ്, ജില്ല ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജോളി അലക്സാണ്ടർ, സെക്രട്ടറി ജോയി പൗലോസ്, വൈസ് പ്രസിഡന്റ് വർഗീസ് മാത്യു, ജോ.സെക്രട്ടറി റെന്നി വർഗീസ്, കായികവകുപ്പ് മേധാവി ഡാലിജോർജ് തോമസ്, കോഴ്സ് കോർഡിനേറ്റർ വിൽജി തോമസ് എന്നിവർ പ്രസംഗിച്ചു.