meet
എൽ.ഡി.എഫ് തിരുവല്ല അസംബ്ലി മണ്ഡലം നേതൃസംഗമം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു

കെജരിവാളിനെ അറസ്റ്റ് ചെയ്തത് ജനശ്രദ്ധ തിരിച്ചുവിടാൻ

തിരുവല്ല: ബോഫോഴ്സ് കുംഭകോണത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇലക്ടറൽ ബോണ്ട് ഇടപാടുകളെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. എൽ.ഡി.എഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സുപ്രീംകോടതി വളരെ ഗൗരവത്തിൽ ഇതിൽ ഇടപെട്ടതോടെ ബി.ജെ.പി പ്രതിക്കൂട്ടിലായി. അവരുടെ പ്രതിഛായ മങ്ങിയപ്പോൾ അത് മറയ്ക്കാനാണ് പൗരത്വ ഭേതഗതി ബിൽ കൊണ്ടുവന്നത്. രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നപ്പോൾ വെളുക്കാൻ തേച്ചത് പാണ്ട് പോലെയായി. കേന്ദ്രത്തിനെതിരായ വികാരങ്ങളെ തിരിച്ച് വിടാനാണ് ദില്ലി മുഖ്യമന്ത്രി കേജരിവാളിനെ ഇ.ഡി ഉദ്യോഗസ്ഥരെ അയച്ച് അകാരണമായി അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള ഈ അറസ്റ്റിനെതിരെ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. ഏകാധിപത്യത്തിലേക്കും അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സമീപനത്തിലേക്കുമാണ് രാജ്യത്തെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് അസംബ്ലി മണ്ഡലം ചെയർമാൻ അലക്സ്‌ കണ്ണമല അദ്ധ്യക്ഷനായി. മാത്യു ടി.തോമസ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനിൽകുമാർ, നേതാക്കളായ രാജുഏബ്രഹാം, ആർ.സനൽകുമാർ, ചെറിയാൻ പോളച്ചിറയ്ക്കൽ, സജി അലക്സ്, ഫ്രാൻസിസ് വി.ആന്റണി, ബാബു പറയത്തുകാട്ടിൽ, റെയിനാ ജോർജ്, ജേക്കബ് എം.ഏബ്രഹാം, എം.ബി.നൈനാൻ, ബാബു പാലാക്കൽ, സജി ചാക്കോ, പോൾ മാത്യു, ഈപ്പൻ മാത്യു എന്നിവർ സംസാരിച്ചു.