sabarimala
dd

ശബരിമല: പൈങ്കുനി ഉത്ര ഉത്സവത്തിന് സമാപനം കുറിച്ച് ഇന്ന് രാവിലെ 11.30ന് അയ്യപ്പസ്വാമിക്ക് പമ്പയിൽ ആറാട്ടു നടക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരി, മാളികപ്പുറം മേൽശാന്തി പി.ജി.മുരളി എന്നിവർ കാർമ്മികരാകും. രാവിലെ 9ന് ഉഷഃപൂജയ്ക്കും ആറാട്ടുബലിക്കും ശേഷം അയ്യപ്പസ്വാമി പമ്പയിലേക്ക് ആറാട്ടിനായി പുറപ്പെടും. വെളിനല്ലൂർ മണികണ്ഠൻ എന്ന കൊമ്പനാണ് അയ്യപ്പസ്വാമിയുടെ തിടമ്പേറ്റുന്നത്. ഘോഷയാത്ര പമ്പാ ഗണപതി കോവിലിൽ എത്തുമ്പോൾ ശബരിമല മേൽശാന്തി തിടമ്പ് ഏറ്റുവാങ്ങി ആറാട്ടുകടവിലേക്ക് എഴുന്നള്ളിക്കും. ആറാട്ട് കഴിഞ്ഞ ദേവനെ പമ്പാഗണപതി കോവിലിൽ എഴുന്നള്ളിച്ചിരുത്തും. ഇവിടെ ഉച്ചയ്ക്ക് ശേഷം 3.30 വരെ ഭക്തർക്ക് പറവഴിപാട് സമർപ്പിക്കാം.

ആറാട്ടുകഴിഞ്ഞ് ദേവൻ ഘോഷയാത്രയായി സന്നിധാനത്ത് മടങ്ങിയെത്തിയശേഷം കൊടിയിറക്ക്, ആറാട്ട് കലശം, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും. രാത്രി 10ന് ഹരിവരാസനം പാടി നടയടയ്ക്കും.

ഇന്നലെ രാത്രി അത്താഴപൂജയ്ക്കും ശ്രീഭൂതബലിക്കും ശേഷം പള്ളിവേട്ട നടന്നു.