1
നെയ്തേലിപ്പടി - നാരകത്താനി റോഡിൽചാക്കമറ്റം പാലത്തിന് സമീപംസംരക്ഷണഭിത്തി തകർന്നുണ്ടായ ഗർത്തം.

മല്ലപ്പള്ളി : ചാക്കമറ്റം പാലത്തിന്റെ സമീപനപാതയുടെ സംരക്ഷണ ഭിത്തി തകർന്നത് അപകടക്കെണിയാകുന്നു. നെയ്തേലിപ്പടി -നാരകത്താനി റോഡിലെ ചാക്കമറ്റം പാലത്തിന്റെ സമീപനപാതയിലെ സംരക്ഷണ ഭിത്തിയാണ് തകർന്നത്. ജലഅതോറിറ്റി കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുവാൻ കുഴികൾ എടുത്ത് മൂടിയ ശേഷമാണ് തകർച്ച പൂർണ്ണമായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ആറടിയിൽ അധികം താഴ്ചയിൽ വയലി‌ന്റെ സമീപത്താണ് തകർച്ച സംഭവിച്ചിട്ടുള്ളത്. കോട്ടയം - കോഴഞ്ചേരി, എഴുമറ്റൂർ - പടുതോട് എന്നീ പൊതുമരാമത്ത് പാതകളെ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണിത്. സ്കൂൾ വാഹനങ്ങളും, സ്വകാര്യ വാഹനങ്ങളും അടക്കം ദിവസേന നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കുവാൻ അധികൃതർ നടപടി എടുക്കണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം ശക്തമാണ്.