
പത്തനംതിട്ട : ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ളസ് വൺ, പ്ളസ് ടു ബാച്ചുകളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നു. അദ്ധ്യാപകരും ആശങ്കയിൽ. ജില്ലയിൽ കഴിഞ്ഞ മൂന്ന് വർഷമായി 25ൽ താഴെ കുട്ടികളുള്ള ബാച്ചുകൾ ഇരുപതിലേറെയാണ്. കുട്ടികളില്ലാതെ പൂട്ടിപ്പോയവയുമുണ്ട്. 25 കുട്ടികളെങ്കിലും ഇല്ലാത്ത ബാച്ചുകളിൽ അദ്ധ്യാപക തസ്തികകൾ ഒഴിവാക്കാനുള്ള നീക്കം പുതിയ നിയമനങ്ങളെയും ബാധിക്കും. നിലവിലുള്ളവരെ തസ്തിക നിർണയം വഴി പുനഃക്രമീകരിക്കുമെന്നാണ് സർക്കാർ വിശദീകരണം. ഇതുവരെ സംസ്ഥാനത്തെ പത്താംക്ലാസ് വരെയാണ് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം അടിസ്ഥാനമാക്കി തസ്തിക നിർണയം നടത്തിയിരുന്നത്. ഹയർ സെക്കൻഡറിയിൽ തസ്തികകൾ നിലനിറുത്തുന്നതിനും കുട്ടികളുടെ എണ്ണം അടിസ്ഥാനമാക്കും.
ജില്ലയിൽ 83 ഹയർസെക്കൻഡറി വിദ്യാലയങ്ങളുണ്ട്. ഇവയിൽ കുട്ടികളെ ലഭിക്കാത്തതു കാരണം ഹയർ സെക്കൻഡറി ബാച്ചുകൾ വേണ്ടെന്നുവച്ച എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാലയങ്ങളുണ്ട്. ചില സർക്കാർ സ്‌കൂളുകളിലും ഹയർ സെക്കൻഡറി ബാച്ചുകൾ നിറുത്തി. വിരലിൽ എണ്ണാവുന്ന കുട്ടികളുമായി ബാച്ചുകൾ നടത്തിക്കൊണ്ടുപോകുന്ന സർക്കാർ സ്‌കൂളുകളുമുണ്ട്. ഇവിടങ്ങളിൽ വർഷങ്ങളായി അദ്ധ്യാപക നിയമനം നടന്നിട്ടില്ല.
25 കുട്ടികളിൽ താഴെ
2022 ൽ... 20 ബാച്ചുകൾ.
2021 ൽ .... 22 ബാച്ചുകൾ
2020 ൽ .... 23 ബാച്ചുകൾ
കുട്ടികൾ ഇഷ്ടവിദ്യാലയത്തിൽ
ഏകജാലക പ്രവേശനം ആയതോടെ ഇഷ്ടവിദ്യാലയങ്ങൾ തേടി കുട്ടികൾ അപേക്ഷ നൽകുകയും അവിടങ്ങളിൽ പ്രവേശനം ഉറപ്പാക്കുകയും ചെയ്യുന്നതാണ് പല ബാച്ചുകളും ശോഷിക്കാനിടയാക്കിയത്.
'' ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഒരു ബാച്ചിൽ 25 കുട്ടികൾ ഇല്ലാതെ വരുന്ന സാഹചര്യത്തിൽ അദ്ധ്യാപക തസ്തികകൾ ഇല്ലാതാകാൻ സാദ്ധ്യതയുണ്ട്. ഒരു ബാച്ചിൽ 50ൽ കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന കോടതി ഉത്തരവ് സർക്കാർ നടപ്പിലാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ വർഷം മിക്ക സ്കൂളുകളിലും ഓരോ ക്ലാസിലും 65നു മുകളിൽ കുട്ടികളെ പ്രവേശിപ്പിച്ചു. നഗര പ്രദേശങ്ങളിലെ സ്‌കൂളുകളിൽ പ്രതിസന്ധി ഉണ്ടായില്ലെങ്കിലും ഗ്രാമപ്രദേശങ്ങളിലെ അനേകം സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലുള്ള തസ്തിക നിർണയം അദ്ധ്യാപകരുടെ ജോലി സുരക്ഷിതത്വം നഷ്ടപ്പെടുത്തും.
പി.ചന്ദിനി, എ.എച്ച്.എസ്.ടി.എ ജില്ലാ പ്രസിഡന്റ്