kanchavu-

റാന്നി : എരുമേലി - പ്ലാച്ചേരി വനം വകുപ്പ് ഓഫീസിൽ ഗ്രോ ബാഗിൽ കഞ്ചാവു ചെടി വളർത്തിയത് കണ്ടെത്തി റിപ്പോർട്ട് ചെയ്ത റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി. എരുമേലി റേഞ്ച് ഓഫീസർ ബി.ആർ.ജയനെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്.

പ്ലാച്ചേരി ഫോറസ്റ്റ് സ്‌റ്റേഷന്റെ പഴയ കെട്ടിടത്തിനു സമീപം 40 ഗ്രോ ബാഗുകളിലായി രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കഞ്ചാവ് കൃഷി നടത്തുന്നതായുള്ള വിവരം ഈ മാസം 16ന് ബി.ആർ.ജയന് ലഭിച്ചിരുന്നു. തുടർന്ന് പരിശോധനയ്ക്ക് എത്തിയപ്പോൾ ഗ്രോ ബാഗിലുണ്ടായിരുന്ന കഞ്ചാവ് ചെടികൾ നശിപ്പിച്ച നിലയിലായിരുന്നു. ബാഗുകളിൽ ചെടിയുടെ തണ്ടും വേരും ഉണ്ടായിരുന്നു.ഒരു ബീറ്റ് ഓഫീസറും റെസ്‌ക്യൂ ഓഫീസറുമാണ് ചെടി വളർത്തിയതെന്നും കണ്ടെത്തിയിരുന്നു. സംഭവം റേഞ്ച് ഓഫീസർ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തു. ഒപ്പം കഞ്ചാവ് വളർത്തിയെന്ന് ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ സമ്മതിക്കുന്ന വീഡിയോയും കൈമാറി.ഇതിന് പിന്നാലെയാണ് റേഞ്ച് ഓഫീസർക്ക് മലപ്പുറത്തേക്ക് സ്ഥലംമാറ്റമുണ്ടായത്.
അതേസമയം, രണ്ട് വനിതാ ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിച്ചതായി ബി.ആർ.ജയനെതിരെ നേരത്തെ പരാതിയുണ്ടായിരുന്നുവെന്നും, ഇതേ തുടർന്നാണ് സ്ഥലംമാറ്റമെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം.