പന്തളം : നിയന്ത്രണം വിട്ട കാർ റോഡ് അരികിൽ പാർക്ക് ചെയ്തിരുന്ന കാറിലും രണ്ട് സ്‌കൂട്ടറിലും ഒരു ബൈക്കിലും ഇടിച്ച ശേഷം ചെടിക്കടയിലേക്ക് ഇടിച്ചുകയറി. കാറിൽ ഉണ്ടായിരുന്ന പുന്തല സ്വദേശികളായ അഞ്ചുപേർക്ക് പരിക്ക്. എം.സി റോഡിൽ ചിത്ര ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെ പത്തിനായിരുന്നു അപകടം. പുന്തലയിൽ നിന്ന് അടൂർ മണ്ണടി ഭാഗത്തേക്ക് വിവാഹ നിശ്ചയത്തിനായി പോകുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. കാറോടിച്ചിരുന്ന പുന്തലകല്ലേലിൽ വീട്ടിൽ, ശരത്ചന്ദ്രൻ (28), ബന്ധുക്കളായ പുന്തലമണ്ണിടത്തയ്യത്ത് വീട്ടിൽ രാജേന്ദ്രൻ (57) പുന്തല കല്ലേലിൽ വീട്ടിൽവിക്രമൻ നായർ (64), പുന്തല തോപ്പിൽ വീട്ടിൽ സദാശിവൻ (70) പുന്തല രമ്യ ഭവനിൽ രാധാകൃഷ്ണൻ (62) എന്നിവക്കാണ് പരിക്കേറ്റത്. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരത്ചന്ദ്രന്റെ വിവാഹ നിശ്ചയത്തിനായി പോകുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ചിത്രാ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന രോഹിണി ഗാർഡൻ എന്ന കടയിലേക്കാണ് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്. ചെടിക്കട ഉടമ അനിൽകുമാറിന്റെ കാറിലും റോഡ് അരികിൽ പാർക്ക് ചെയ്ത ബൈക്കിലും ഇടിച്ച ശേഷം കാർ തലകീഴായി മറിയുകയായിരുന്നു. നിരവധി ചെടികളും ചെടിച്ചട്ടിയും അപകടത്തിൽ നശിച്ചിട്ടുണ്ട് . പന്തളം പൊലീസ് കേസെടുത്തു.