പത്തനംതിട്ട : ഒരു സംസ്ഥാനത്ത് പശ്ചാത്തല സൗകര്യ വികസനത്തിന് കടം എടുക്കേണ്ടിവരുന്നത് മോശം കാര്യമല്ലന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്ക് പറഞ്ഞു. ആറന്മുള മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നടന്ന മുഖാമുഖം പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ വ്യക്തികൾ കടം എടുക്കുന്നതുപോലെയല്ല സർക്കാർ കടം എടുക്കുന്നത്. എൽ.ഡി.എഫ് സർക്കാർ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഊന്നൽ നൽകിയത്. അതിന് പണം ആവശ്യമാണ്. പണം വരുന്നത് വരെ കാത്തിരിക്കാൻ കഴിയില്ല. പൗരത്വ ഭേദഗതി കേസിന്റെ വിധി വരുന്നതുവരെ നിയമം നടപ്പിലാക്കില്ലന്ന് പറയാൻ സർക്കാരിന് അവകാശം ഉണ്ട്. പ്രതിപക്ഷകക്ഷികൾ ഒന്നിച്ച് നിന്നാൽ നിയമം നടപ്പിലാക്കാൻ കഴിയില്ല പക്ഷേ കോൺഗ്രസ് ഒപ്പം നിൽക്കില്ല. ദക്ഷിണേന്ത്യയിൽ ബി.ജെ.പിയ്ക്കും കേരളത്തിൽ കോൺഗ്രസിനും തിരിച്ചടി നല്കുന്ന വലിയ പാഠമായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം എന്നും ഡോ.തോമസ് ഐസക്ക് പറഞ്ഞു. മന്ത്രി വീണാ ജോർജ്, എൽ.ഡി.എഫ് നേതാക്കളായ എ. പത്മകുമാർ. അഡ്വ.ഓമല്ലൂർ ശങ്കരൻ, കെ.സി.രാജഗോപാലൻ, എം.വി.സഞ്ജു. ടി.വി. സ്റ്റാലിൻ ,എൻ.സജികുമാർ, ബാബു കോയിക്കലേത്ത്, ആർ.അജയകുമാർ, പി.ബി. സതീഷ്‌കുമാർ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.