തിരുവല്ല: വൈ.എം.സി.എയുടെ പിന്തുണയോടെ ജില്ലാ ബാസ്‌ക്കറ്റ്‌ബാൾ അസോസിയേഷൻ സംഘടിപ്പിച്ച ഏകദിന ടീച്ച്-ദ ട്രെയിനർ കോച്ചിംഗ് ക്ലിനിക്കിൽ വിവിധ സ്‌കൂളുകളിൽ നിന്നായി 35 ബാസ്‌ക്കറ്റ് ബാൾ അദ്ധ്യാപകർ പങ്കെടുത്തു. ജില്ലയിലെ സ്കൂളുകളിലെ ബാസ്കറ്റ്ബാൾ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചത്. കേരളാ സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ പരിശീലകൻ രാജു ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. മുൻ അന്താരാഷ്ട്ര താരവും ജില്ലാ ബാസ്കറ്റ്ബാൾ അസോസിയേഷൻ സെക്രട്ടറിയുമായ ജോർജ് സക്കറിയയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈ.എം.സി.എ പ്രസിഡന്റ് ഇ.എ.ഏലിയാസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ സെക്രട്ടറിയും സ്‌പോർട്‌സ് കമ്മിറ്റി ചെയർമാനുമായ സാജൻ കെ.വർഗീസ്, വൈ.എം.സി.എ സെക്രട്ടറി തോമസ് വർഗീസ്, ജില്ലാ ബാസ്‌ക്കറ്റ് ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് അലക്‌സ് മാമ്മൻ എന്നിവർ പ്രസംഗിച്ചു.