പത്തനംതിട്ട : പത്തനംതിട്ട പ്രസ് ക്ളബിലെ സ്ഥാനാർത്ഥി സംവാദത്തിൽ വിഷയമായ കാമ്പസുകളിലെ കൊലപാതകം ഇടതു,വലതു മുന്നണികളുടെ സൈബർ പോരാളികൾ ഏറ്റെടുത്തു. സംവാദത്തിൽ എസ്.എഫ്.ഐ ക്രിമിനലുകളെ സി.പി.എം സംരക്ഷിക്കുകയാണെന്ന് പറഞ്ഞ യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയ്ക്കുള്ള മറുപടിയിൽ, കേരളത്തിലെ കാമ്പസുകളിൽ 32 എസ്.എഫ്.ഐക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഒരു കെ.എസ്.യുക്കാരൻ പോലും മരിച്ചിട്ടില്ലെന്നുമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് പറഞ്ഞത്. എസ്.എഫ്.ഐക്കാർ കൊലപ്പെടുത്തിയ കെ.എസ്.യുക്കാരുടെ പട്ടിക അടുത്ത ദിവസം നൽകാമെന്ന് പറഞ്ഞ ആന്റോ ആന്റണിയെ മൂന്ന് ദിവസമായിട്ടും കണ്ടില്ലെന്ന് പരിഹസിച്ചുകൊണ്ട് സി.പി.എം സൈബർ സംഘങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടു.
' ഒരു ദിവസത്തിനകം പട്ടികയുമായി വരുമെന്ന് പറഞ്ഞ ആന്റോ ആന്റണിയെ കാത്ത് പത്തനംതിട്ടക്കാർ കാത്തിരിപ്പിന്റെ മൂന്നാംനാൾ' എന്ന മന്ത്രി വീണാജോർജിന്റെ ഫേസ് ബുക്ക് പോസ്റ്റ് സി.പി.എം സൈബർ സംഘങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു.
നിന്നും ഇരുന്നും കിടന്നും അക്ഷമനാകുന്ന ഹാസ്യകഥാപാത്രം മിസ്റ്റർ ബീനിന്റെ ചിത്രവും പോസ്റ്റിലുണ്ട്. 'ജ്യോതിയും വന്നില്ല തീയും വന്നില്ല' എന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ കമന്റ് ചെയ്തിരിക്കുന്നതും കാണാം.
കണക്കുകൾ നിരത്തി ആന്റോ
ഇന്നലെ ആന്റോ ആന്റണി ഫേസ് ബുക്കിൽ മറുപടിയുമായി എത്തി. സംഘടനാ പ്രവർത്തനം നടത്തിയതിന് തെരുവുകളിൽ കൊല്ലപ്പെട്ട പ്രവർത്തകർ ഞങ്ങൾക്ക് അഭിമാനമല്ല, വേദനയാണെന്ന മുഖവുരയോടെയായിരുന്നു തുടക്കം. 1970കളിൽ ആലപ്പുഴയിൽ പത്താംക്ളാസ് വിദ്യാർത്ഥിയെ തെരുവിലിട്ട് കൊന്ന ചരിത്രം എസ്.എഫ്.ഐയ്ക്കുണ്ട്. തൃശൂരിലെ ഫ്രാൻസിസ് കരിപ്പയെ എസ്.എഫ്.ഐ, ഡി.വൈ. എഫ്.ഐ ഗുണ്ടകൾ കുത്തിക്കൊന്നു. കണ്ണൂരിൽ അമ്മയ്ക്ക് മരുന്നുവാങ്ങാൻ പോയ സജിത്ത് ലാലിനെ കൊലപ്പെടുത്തി. കണ്ണൂരിലെ തന്നെ ഗോവിന്ദൻ, ആലപ്പുഴയിലെ പത്മരാജൻ, മട്ടന്നൂരിൽ ഷുഹൈബ്, പെരിയയിൽ കൃപേഷ്, ശരത് ലാൽ എന്നീ കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐക്കാരും ക്വട്ടേഷൻ സംഘങ്ങളും ചേർന്ന് കൊലപ്പെടുത്തി. എസ്.എഫ്.ഐ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ പരുമലയിൽ ആറ്റിൽ ചാടിയ എതിർസംഘടനയിൽപെട്ട വിദ്യാർത്ഥികളെ എറിഞ്ഞു കൊന്ന ക്രൂരമായ ചരിത്രവും എസ്.എഫ്.ഐക്കുണ്ട്. അവസാനത്തെ ഇരയാണ് പൂക്കോട് കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥ്. കേരള സർവകലാശാല കലോത്സവം കലാപോത്സവമാക്കി. കാമ്പസുകളിൽ എസ്.എഫ്.ഐ നടത്തുന്ന ക്രൂരതകളെ തള്ളിപ്പറയാൻ തോമസ് ഐസക്കും എൽ.ഡി.എഫും തയ്യാറുണ്ടോ എന്ന് ആന്റോ ആന്റണി ചോദിക്കുന്നു.