26-mcf-pandalam
കുളനടയിൽ ഹരിതകർമസേന ശേഖരിച്ച പാഴ് വസ്തുക്കൾ ലോറിയിൽ കയറ്റി മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ തയ്യാറാക്കിയിരിക്കുന്നു

പന്തളം: ഹരിതകർമ്മ സേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന പാഴ് വസ്തുക്കൾ സൂക്ഷിക്കാൻ കുളനട പഞ്ചായത്തിൽ സ്ഥലമില്ല. ഇതിനായി എം.സി.എഫ്. സ്ഥാപിക്കാൻ പഞ്ചായത്ത് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. പാണിൽ കമ്മ്യൂണിറ്റി സെന്ററിൽ സൂക്ഷിച്ചിരുന്ന പാഴ് വസ്തുക്കൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം മാറ്റേണ്ടിവന്നു.
പോളിങ് ബൂത്ത് പ്രവർത്തിക്കേണ്ട സ്ഥലമായതിനാലാണ് ഇവിടെനിന്ന് ക്ലീൻകേരള കമ്പനി ഇവിടെനിന്ന് മാലിന്യം നീക്കംചെയ്തത്. കുളനട ചന്തയോടുചേർന്ന ഒരു ഷെഡ് മാത്രമാണ് ഹരിതകർമ്മസേന ശേഖരിക്കുന്ന പാഴ് വസ്തുക്കൾ സൂക്ഷിക്കാനുള്ളത്.
2023 മാർച്ചിൽ കുളനട മത്സ്യച്ചന്തയ്ക്കുസമീപം തീപിടിച്ചിരുന്നു. വീടുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്. മത്സ്യച്ചന്തയോടുചേർന്ന് കോൾഡ് സ്‌റ്റോറേജ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. കെട്ടിടം നിറഞ്ഞതിനാൽ പുറത്ത് ചാക്കിൽ കെട്ടിയതും അഴിച്ചിട്ടതുമായ പ്ലാസ്റ്റക് കൂനയായി കിടക്കുന്നുണ്ടായിരുന്നു. കെട്ടിടത്തിനുള്ളിൽ നിന്നാണ് വൈകിട്ട് നാലരയോടെ തീ ആദ്യം കത്തിപ്പടർന്നത്. നിമിഷനേരംകൊണ്ട് പുറത്തെ മാലിന്യത്തിൽ തീ പടരുകയായിരുന്നു. കുളനട പഞ്ചായത്തിൽ ഉള്ളന്നൂർ വാർഡിൽ മാത്രമാണ് ശേഖരണ സ്ഥലമുള്ളത്. ആളുകളുടെ എതിർപ്പില്ലാത്ത പുറമ്പോക്കു ഭൂമി കണ്ടെത്തി എം.സി.എഫ്. സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്തധികാരികൾ.