anto

വള്ളിക്കോട് : പത്തുവർഷം എം.എൽ.എയും പത്തുവർഷം ധനകാര്യ മന്ത്രിയുമായി പ്രവർത്തിച്ചിട്ടും ആലപ്പുഴയിലെ തൊഴിൽ രഹിതർക്കായി ഒന്നും ചെയ്യാനാകാത്ത ആളാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക്കെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി ആരോപിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കണക്കുപ്രകാരം ഏറ്റവും കൂടുതൽ തൊഴിൽരഹിതരുള്ളത് തോമസ് ഐസക്ക് മന്ത്രിയും എം.എൽ.എയുമായിരുന്ന ആലപ്പുഴ ജില്ലയിലാണ്. എല്ലാ മേഖലകളും തകർത്ത സർക്കാരാണ് പിണറായി സർക്കാർ. പത്തനംതിട്ടയിൽ തൊഴിൽ വാഗ്ദാനം ചെയ്യുന്നത് തട്ടിപ്പാണ്. ജനാധിപത്യത്തെ ഇല്ലായ്മ ചെയ്തു രാഷ്ട്രീയ ശത്രുക്കളെ ജയിലിൽ അടക്കാൻ കാത്തിരിക്കുന്നവരാണ് മോദി ഭരണകൂടമെന്നും അദ്ദേഹം പറഞ്ഞു. വള്ളിക്കോട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോൺജി അദ്ധ്യക്ഷത വഹിച്ചു. എസ്.വി.പ്രസന്നകുമാർ, റോയ്‌സ് മല്ലശ്ശേരി, റോബിൻ പീറ്റർ, എ.ഷംസുദ്ദീൻ, ദീനാമ്മ റോയ്, ബീനാസോമൻ, എലിസബത്ത് എന്നിവർ പ്രസംഗിച്ചു.