
തിരുവല്ല : പെരിങ്ങര പഞ്ചായത്തിലെ ഒന്നാം വാർഡിൽ മേപ്രാൽ മാനങ്കേരി കലുങ്കിന് സമീപത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും കൊടിമരവും കഴിഞ്ഞ രാത്രിയിൽ നശിപ്പിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി പൊലീസിൽ പരാതി നൽകി. പ്രതിഷേധ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ക്രിസ്റ്റഫർ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ, സാം ഈപ്പൻ, മിനിമോൾ ജോസ്, ജോസ് തുമ്പേലിൽ,അജു ഉമ്മൻ, ജേക്കബ് ചെറിയാൻ, രാജൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.