
കോന്നി : അദ്ധ്യയന വർഷം അവസാനിക്കാറായിട്ടും ജില്ലയിലെ സ്റ്റുഡന്റസ് പൊലീസ് യൂണിറ്റുകൾക്കുള്ള സർക്കാർ ഫണ്ടുകൾ ലഭിച്ചില്ല. ഭക്ഷണത്തിനും യൂണിഫോമിനുമായി പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ അദ്ധ്യാപകർ. വിദ്യാഭ്യാസ - ആഭ്യന്തര വകുപ്പുകൾ സംയുക്തമായി നടത്തുന്ന പദ്ധതിക്ക് ഫണ്ട് നൽകേണ്ടത് ആഭ്യന്തര വകുപ്പാണ്. എസ്.പി.സി യൂണിറ്റുകൾക്ക് നൽകേണ്ട റിഫ്രഷ്‌മെന്റ് - ഭക്ഷണ ചെലവുകൾ, കമ്യുണിറ്റി പൊലീസ് ഓഫീസർമാർക്കും ഡ്രിൽ ഇൻസ്ട്രക്ട്ടർമാർക്കുമുള്ള അലവസുകൾ എന്നിവയാണ് കുടിശികയായിരിക്കുന്നത്. എന്നാൽ പലയിടത്തും ഇപ്പോൾ ചെലവ് വഹിക്കുന്നത് അദ്ധ്യാപകരും സ്‌കൂൾ അധികൃതരും ചേർന്നാണ്.
15 രൂപ മാത്രം
ഒരു കേഡറ്റിന് പോഷകസമൃദ്ധമായ ഭക്ഷണം നൽകാൻ 15 രൂപ മാത്രമാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്.
ഒരു എസ്.പി.സി യൂണിറ്റിന്
ഒരു വർഷം അനുവദിക്കുന്ന ഫണ്ടുകൾ.
റിഫ്രഷ്‌മെന്റ് ഫണ്ട് : 60,000 രൂപ
യൂണിഫോമിന് അനുവദിക്കുന്ന തുക : 88,000 രൂപ
കുടിശികയും അലവൻസും മുടങ്ങി
റിഫ്രഷ്‌മെന്റ് ഇനത്തിൽ ഇക്കഴിഞ്ഞ അദ്ധ്യയന വർഷത്തെ കുടിശികയായ 30,000 രൂപയും ഈ വർഷത്തെ മൂന്ന് മാസത്തെ തുകയും ഇതുവരെ ലഭിച്ചിട്ടില്ല. കൂടാതെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാർക്കുള്ള പ്രതിമാസ ഓണറേറിയമായ 750 രൂപയും പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ഡ്രിൽ ഇൻസ്ട്രക്ടർമാരായി സ്കൂളുകളിൽ എത്തുന്ന സിവിൽ പൊലീസ് ഓഫീസർമാർക്കുള്ള സ്‌പെഷ്യൽ അലവൻസും മുടങ്ങിയിരിക്കുകയാണ്. യൂണിഫോമിന് ചെലവായ തുക മാത്രമേ പൂർണമായും നൽകിയിട്ടുള്ളു.
ചെലവായ തുകയുടെ ബില്ലുകൾ അടക്കം സമർപ്പിച്ചിട്ടും പൊതുവിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും അനുകൂല തീരുമാനമെടുത്തില്ല.