പത്തനംതിട്ട: കവി കടമ്മനിട്ട രാമകൃഷ്ണൻ അനുസ്മരണ സമ്മേളനവും കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷന്റെ പുരസ്‌കാര സമർപ്പണവും 31ന് കടമ്മനിട്ട സ്മൃതിമണ്ഡപത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാവിലെ 9 ന് മന്ത്രി വീണാജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ പ്രസിഡന്റ് എം .എ. ബേബി അദ്ധ്യക്ഷത വഹിക്കും. നടനും അവതാരകനുമായ പ്രൊഫ. വി. അലിയാർ അനുസ്മരണപ്രഭാഷണം നടത്തും. അഡ്വ. പ്രമോദ്‌ നാരായൺ എം. എൽ. എ സ്മൃതിസന്ദേശം നൽകും. കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന് എം. എ. ബേബി പുരസ്കാരം സമർപ്പിക്കും. യുവകവികൾക്കുള്ള പ്രഥമ പുരസ്‌കാരം വിജു കടമ്മനിട്ടയ്ക്ക് നൽകും. കാവ്യാർച്ചനയിൽ കവി ഗിരീഷ് പുലിയൂർ അദ്ധ്യക്ഷത വഹിക്കും. ദേശത്തുടി സാംസ്‌കാരികസമന്വയത്തിന്റെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ കടമ്മനിട്ടഫൗണ്ടേഷൻ ഭാരവാഹികളായ വി. കെ. പുരുഷോത്തമൻപിള്ള, ഡോ.എം. ആർ. ഗീതാദേവി, ആർ .കലാധരൻ, ബാബുജോൺ , ബിനു ജി. തമ്പി എന്നിവർ പങ്കെടുത്തു.