അടൂർ : പത്തനംതിട്ട പാർലമെന്റ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്ക് അടൂർ ഗോപാലകൃഷ്ണന്റെ ജന്മഗൃഹമായ പള്ളിക്കൽ മേടയിൽ തറവാട്ടിൽ നടന്ന കുടുംബയോഗത്തിൽ പങ്കെടുത്തു. രാഷ്ട്രീയവും ചരിത്രവും വികസനവും ചർച്ചയായ മുഖാമുഖത്തിന് ശേഷം ഭക്ഷണവും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
അടൂർ ഗോപാലകൃഷ്ണന്റെ അമ്മാവനും പ്രശസ്ത ചിത്രകാരനുമായിരുന്ന മേടയിൽ രാമനുണ്ണിത്താനായിരുന്നു മേടയിൽ വീട്ടിലെ കാരണവർ. അയിത്തവും അനാചാരവും നിലനിന്ന കാലത്ത് ജാതിക്ക് അതീതമായി ഗുരുകുല സമ്പ്രദായത്തിൽ ചിത്രകല അഭ്യസിപ്പിച്ചിരുന്നു രാമനുണ്ണിത്താൻ. ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രം ആസ്പദമാക്കി യുഗപുരുഷൻ എന്ന വിഖ്യാത ചലച്ചിത്രവും മോഹൻലാലിനെ നായകനാക്കി പാദമുദ്ര, രാജശില്പി എന്നീ സിനിമകളും സംവിധാനം ചെയ്ത ആർ.സുകുമാരൻ, ആർട്ടിസ്റ്റ് കെ.ആർ.രാജൻ, ചിത്രകലാ അദ്ധ്യാപകൻ ചെല്ലപ്പൻ ആചാരി തുടങ്ങി നിരവധി പ്രമുഖർ മേടയിൽ തറവാട്ടിലെ പൂർവവിദ്യാർത്ഥികൾ ആണ്.