27-moonnalam-pipe-water
കുടിവെള്ളം വരുന്നത് നോക്കി പൈപ്പ് തുറന്ന് കാത്ത് നിൽക്കുന്ന വീട്ടമ്മ. മൂന്നാളത്തെ സ്ഥിരം കാഴ്ച

അടൂർ : മൂന്നാളം ഗവ.എൽ.പി.എസിന്റെ സമീപ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. അടൂർ മുനിസിപ്പാലിറ്റിയിലെ 25-ാം വാർഡിൽപ്പെടുന്ന ഉയർന്ന പ്രദേശമാണിവിടം. പ്രദേശത്ത് മിക്ക വീടുകളിലേക്ക് പണം നൽകി കുടിവെള്ളം വാങ്ങേണ്ട സ്ഥിതിയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ പ്രദേശത്തുള്ളവർക്ക് ഇതിനുള്ള ശേഷിയില്ല. കനാൽ തുറന്ന് വിട്ടിട്ട് ഒരാഴ്ചയിലേറെയായി. കുളിക്കാനും തുണിഅലക്കാനുമാണ് പ്രധാനമായും കനാലിലെ വെള്ളം പ്രദേശവാസികൾ ഉപയോഗിക്കുന്നത്. കനാലിലെ വെള്ളം നിലച്ചതിനാൽ ദുരിതത്തിലായിരിക്കുകയാണ് നാട്ടുകാർ. പൈപ്പുകണക്ഷനിലെ വെള്ളം 15 ദിവസം കൂടിയിരിക്കുമ്പോൾ മാത്രമാണ് എത്തുന്നത്. പല തവണ നാട്ടുകാർ വാട്ടർ അതോറിറ്റിയിൽ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അടിയന്തരമായി കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ. വേനൽക്കാലമായാൽ പൊതുവെ കിണറുകളിൽ വെള്ളം വറ്റുന്ന പ്രദേശമായതിനാൽ പൈപ്പിൽ കൂടി ദിവസവും വെള്ളം എത്തേണ്ടത് അത്യാവശ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്.

................................

പറക്കോട് ചിരണിക്കൽ ശുദ്ധീകരണ പ്ലാന്റിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് കുടിവെള്ള വിതരണത്തിന് തടസം നേരിട്ടത്.

എത്രയും പെട്ടെന്ന് പരിഹാരം കാണും.

അനിത ദേവി.
(വാർഡ് മെമ്പർ)

..........................................

കുടിവെള്ളക്ഷാമം മുൻവർഷങ്ങളെ അപേക്ഷിച്ച് അതിരൂക്ഷമാണ്. അടിയന്തരമായി പരിഹാരം കാണണം.

ജ്യോതി ബാസു
(പൊതു പ്രവർത്തകൻ)

.........................

.പൈപ്പുകണക്ഷനിൽ വെള്ളം എത്തുന്നത് 15 ദിവസം കൂടുമ്പോൾ