
റാന്നി : വടശേരിക്കര ബൗണ്ടറിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 9.30ന് ആണ് സംഭവം. ചെമ്പരത്തിമൂട്ടിൽ മഞ്ജു ഭവനത്തിൽ മജീഷ് മനോഹരനും (48) പനച്ചിക്കൽ രതീഷിനും (45) നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ജനവാസ മേഖലയിൽ എത്തിയ ആനയെ കാട്ടിലേക്കയയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. വൈകിട്ട് മുതൽ ഇൗ ഭാഗത്ത് റബർത്തോട്ടത്തിൽ കാട്ടാനയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. റോഡിലൂടെ നടന്നുപോകുമ്പോൾ ഇവർക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ആദ്യം മജീഷിനെ തുമ്പികൈ ഉപയോഗിച്ച് തട്ടി താഴെയിട്ടു. മുന്നോട്ട് ഓടിയ രതീഷിനു നേരെ പാഞ്ഞടുത്ത കാട്ടാന ചിന്നം വിളിച്ചുകൊണ്ട് വീണ്ടും മജീഷിന്റെ നേരെ തിരിഞ്ഞു. റോഡിന്റെ വശത്തെ കരിങ്കൽ കെട്ട് ചാടി കടക്കാൻ ശ്രമിച്ച മജീഷിനെ ആക്രമിക്കാനും ആന മുതിർന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ഗേറ്റിൽ തട്ടി വീണാണ് രതീഷിന് പരിക്കേറ്റത്. കാട്ടാന കരിങ്കൽ ഭിത്തിയും തകർത്ത് വീണ്ടും റബർത്തോട്ടത്തിലേക്ക് മടങ്ങി. മജീഷിനും രതീഷിനും പുറമെ പ്രദേശവാസികളും പഞ്ചായത്ത് മെമ്പർ ജോർജുകുട്ടിയും സ്ഥലത്തുണ്ടായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്നു വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിക്കേറ്റ ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടുമൃഗ ശല്യംരൂക്ഷം
വടശേരിക്കര പഞ്ചായത്തിലെ വനമേഖലയോടുചേർന്ന വാർഡുകളിലാണ് കാട്ടുമൃഗ ശല്യമേറെയും. ആനയ്ക്ക് പുറമെ കാട്ടുപന്നിയും കാട്ടുപോത്തും കുരങ്ങുമെല്ലാം വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. റാന്നി വനംഡിവിഷനു കീഴിൽ, കുടമുരുട്ടി, കുരുമ്പൻമൂഴി,പെരുനാട്, ളാഹ എന്നീ പ്രദേശങ്ങളിലും കാട്ടുമൃഗശല്യം രൂക്ഷമാണ്.
ആനയുടെ തുമ്പികൈക്കുള്ളിൽ നിന്ന് തലനാരിഴയ്ക്കാണ് ഞങ്ങൾ രക്ഷപെട്ടത്. അപ്രതീക്ഷിതമായി കാട്ടാന മുന്നിലേക്ക് ചാടി വീഴുകയായിരുന്നു. ആന വരുന്നെന്നു മജീഷ് പറയുമ്പോഴേക്കും കാട്ടാന റോഡിലേക്ക് ചാടി കയറി ചിന്നം വിളിച്ചു.
പനച്ചിക്കൽ രതീഷ്