കോന്നി: കിഴക്കൻ മലയോരമേഖലയിലെ ഗ്രാമങ്ങളിൽ മയിലുകളുടെ എണ്ണം കൂടി. ചെങ്ങറ, പറക്കുളം, കല്ലേലി, താവളപ്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ വർദ്ധിച്ചത്. വരണ്ടതും പാറക്കെട്ടും കുറ്റിക്കാടുമുള്ള സ്ഥലങ്ങളാണ് മയിലുകളുടെ ആവാസ കേന്ദ്രം. മയിലുകളുടെ എണ്ണം നാട്ടിൽ കൂടിയത് നാട് വരണ്ട കാലാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണെന്ന് കേരള കാർഷിക സർവകലാശാല വന്യജീവി പഠനവിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട്, വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് എന്നിവയടക്കം 13 സ്ഥാപനങ്ങളാണ് പഠനം നടത്തിയത്. 1963 ൽ ദേശീയ പക്ഷിയായി മയിലിനെ പ്രഖ്യാപിച്ച് സംരക്ഷണം ഉറപ്പാക്കിയതും എണ്ണത്തിൽ വർദ്ധനയുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 19 ശതമാനം ഭൂപ്രദേശവും മയിലുകളുടെ ആവാസവ്യവസ്ഥയ്ക്ക് അനുകൂലമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2050 ഓടെ സംസ്ഥാനത്ത് മയിലുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമെന്ന് കരുതുന്നു. ജില്ലയിൽ മുമ്പ് തണുപ്പും മഞ്ഞും തേയിലകൃഷിയും ഉണ്ടായിരുന്ന സ്ഥലങ്ങളിലാണ് മയിലുകളെ കൂടുതലായി കാണുന്നത്. കല്ലേലിയും ചെങ്ങറയും താവളപ്പാറയും മുമ്പ് തേയിലക്കൃഷി ഉണ്ടായിരുന്ന സ്ഥലങ്ങളാണ്. ഈ പ്രദേശങ്ങൾ പ്ലാന്റേഷനുകളോടും വനമേഖലകളോടും ചേർന്ന പ്രദേശങ്ങളുമാണ്. കാർഷിക മേഖലയ്ക്ക് കാട്ടുപന്നികളെ പോലെ മയിലുകളും ഭീഷണി ഉയർത്താൻ സാദ്ധ്യതയുണ്ട്.
തമിഴ്‍നാട്ടിൽ നിന്നാണ് മയിലുകൾ എത്തുന്നതെന്നും ഭാവിയിൽ ചൂട് വർദ്ധിക്കാൻ പോകുന്നതിന്റെ സൂചനയാണ് ഇതെന്നും പരിസ്ഥിതി പ്രവർത്തകനായ ചിറ്റാർ ആനന്ദൻ പറഞ്ഞു.