elel

പത്തനംതിട്ട : ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക ഇന്ന് മുതൽ ഏപ്രിൽ നാല് വരെ സമർപ്പിക്കാമെന്ന് വരണാധികാരിയായ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ച മാനദണ്ഡപ്രകാരം പൊതു അവധിദിനങ്ങളായ 29, 31, നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്‌സ് ആക്ട് പ്രകാരമുള്ള അവധിയായ ഏപ്രിൽ ഒന്ന് എന്നീ ദിവസങ്ങളിൽ പത്രിക സ്വീകരിക്കില്ല. പത്രികകൾ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർക്ക് രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ സമർപ്പിക്കാം. ഒരു സ്ഥാനാർത്ഥിക്ക് പരമാവധി നാല് സെറ്റ് പത്രികകൾ വരെ നൽകാം. നാമനിർദേശ പത്രികയും അനുബന്ധഫോമുകളും വരണാധികാരിയുടെ ഓഫീസിൽ ലഭിക്കും. നാമനിർദ്ദേശ പത്രികാ സമർപ്പണ വേളയിൽ സ്ഥാനാർത്ഥി ഉൾപ്പെടെ അഞ്ചുപേർക്ക് മാത്രമേ വരണാധികാരിയുടെ ഓഫീസിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. സ്ഥാനാർത്ഥികളുടെ വാഹനങ്ങളിൽ പരമാവധി മൂന്നെണ്ണത്തിന് മാത്രമേ വരണാധികാരിയുടെ ഓഫീസിന് 100 മീറ്റർ പരിധിയിൽ പ്രവേശനമുള്ളൂ. പൊതു വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് 12,500 രൂപയുമാണ് സ്ഥാനാർത്ഥികൾ കെട്ടിവയ്‌ക്കേണ്ട തുക. ഇളവിന് ബന്ധപ്പെട്ട അധികാരിയിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം.
പത്രിക സമർപ്പിക്കുന്ന ദിവസത്തിന് മുമ്പായി തിരഞ്ഞെടുപ്പ് ആവശ്യത്തിനായി സ്ഥാനാർത്ഥികൾ പ്രത്യേകം ബാങ്ക് അക്കൗണ്ട് തുറക്കണം. ഇതിലൂടെ മാത്രമേ ഇലക്ഷൻ ചെലവ് നടത്താവൂ. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും നാമനിർദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് ലഭ്യമാക്കണം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചും പിൻവലിക്കാനുള്ള തീയതി ഏപ്രിൽ എട്ടുമാണ്.