
പത്തനംതിട്ട : വേനൽ അവധിക്കാലം കുട്ടികൾക്ക് ആഘോഷക്കാലമാണ്. കളികളും യാത്രകളും റീൽസ് എടുക്കലുമായി തിളയ്ക്കുന്ന ബാലകൗമാരങ്ങൾ അപകടങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല. വിനോദങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ പലപ്പോഴും വലിയ നഷ്ടമാകും വരുത്തുക. പുഴയിൽ നീന്താനും ട്രക്കിംഗിന് പോകാനും മലകയറാനും വെമ്പൽ കൊള്ളുകയാണ് പലരും. അവധിക്കാലം മനോഹരമാകണമെങ്കിൽ അപകടങ്ങൾ ഒഴിയണം. കുട്ടികളുടെ മേൽ എപ്പോഴും മുതിർന്നവരുടെ കണ്ണുണ്ടാകണം. പ്രത്യേകിച്ച് ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ. അശ്രദ്ധമൂലം ഇനി ഒരു ജീവൻ നഷ്ടമാകരുത്. സ്കൂൾ അടച്ച ദിവസം വീട്ടിലെ തൊട്ടിൽ കയറിൽ കുടുങ്ങി ജീവൻ നഷ്ടമായ കോന്നിയിലെ അഞ്ചുവയസുകാരി കണ്ണീരോർമ്മയായി നമ്മുടെ മുന്നിലുണ്ട്. ഇനിയുമൊരു ജീവൻ നഷ്ടമാകാതെ
ജാഗ്രതയോടെ ഇൗ അവധിക്കാലം ആഘോഷമാക്കാം.
ആഴമറിയണം, അപകടമേറെ
അവധിക്കാലത്ത് ജലാശയങ്ങളിൽ ഇറങ്ങുന്നത് കുട്ടികളുടെ പ്രധാന വിനോദമാണ്. കൂട്ടമായി മണിക്കൂറുകൾ വെള്ളത്തിൽ ചെലവിടുന്ന കുട്ടികൾ അപകടത്തിലാകാറുണ്ട്. മുൻപരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുമ്പോഴാണ് അപകടങ്ങൾ സംഭവിക്കുന്നത്. ഇത്തരത്തിൽ പത്ത് കേസുകളെങ്കിലും അവധിക്കാലത്ത് റിപ്പോർട്ട് ചെയ്യാറുണ്ട്. ലഹരി ഉപയോഗിക്കാതിരിക്കാനും വിദ്യാർത്ഥികൾ ശ്രദ്ധിക്കണം. വെള്ളത്തിലെ വൈദ്യുതി ഉപയോഗിച്ചുള്ള മീൻപിടിത്തവും വലിയ കെണിയാണ്. ഷോക്കേറ്റ് അപകടം സംഭവിക്കാം.
പാറമടകളാണ് മറ്റൊരു അപകടകേന്ദ്രം. ആഴം അറിയാതെ എടുത്ത് ചാടുന്ന കുട്ടികൾ കയത്തിൽ അകപ്പെടാം. ശക്തമായ ഒഴുക്കുള്ള കനാലുകളിലും ജീവൻ നഷ്ടമായേക്കാം.
റീൽസ് കെണിയാകരുത്
സോഷ്യൽ മീഡിയയിൽ താരമാകാൻ റീൽസെടുക്കുന്ന നിരവധി പേരുണ്ട്. ഇതിൽ കുറച്ച് പേർക്ക് അതിസാഹസികതയാണ് താൽപര്യം. മുൻകരുതലുകൾ ഒന്നുമില്ലാതെ കാട്ടുന്ന സാഹസികത പലപ്പോഴും ജീവനും അപകടത്തിലാക്കും.
ട്രക്കിംഗ് അപകടമാകരുത്
ട്രക്കിംഗിനായി കാടും മലയും കയറുന്നവർ കാലാവസ്ഥ കൂടി കണക്കിലെടുക്കണം, പോകുന്നസ്ഥലത്ത് വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുണ്ടോയെന്നുകൂടി അന്വേഷിക്കണം. ആനയും കടുവയും കാട്ടുപന്നിയും പുലിയുമെല്ലാം ജില്ലയിലെ മലയോരങ്ങളിൽ ഭീതി പരത്തുന്നുണ്ട്.
വൈദ്യുതിയും സൂക്ഷിക്കണം
മൊബൈൽ ഫോണിൽ അധികസമയവും ചെലവിടുന്നവരാണ് കുട്ടികളിലേറെയും. ഫോൺ ചാർജ് ചെയ്തുകൊണ്ട് ഉപയോഗിക്കുന്നത് അപകടത്തിന് കാരണമാകാം. ഇലക്ട്രോണിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോഴും ജാഗ്രതക്കുറവ് ഉണ്ടാകരുത്.
പരിചയമില്ലാത്ത ജലാശയങ്ങൾ അപകടമാണ്.
അപകടമേഖലകളിലുള്ള സെൽഫിയും റീൽസുമെല്ലാം ഒഴിവാക്കണം. കാട്ടുതീ പ്രശ്‌നങ്ങളും വർദ്ധിച്ച് വരികയാണ്. കുട്ടികളുടെ കാര്യത്തിൽ മുതിർന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം.
വി.വിനോദ്
(ഫയർ ഓഫീസർ, അടൂർ സ്റ്റേഷൻ)