
റാന്നി: ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതിയുമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിന് മുന്നിൽ മലപണ്ടാര വിഭാഗം. ളാഹ, മഞ്ഞത്തോട് ഊരുകളിൽ സന്ദർശനം നടത്തുമ്പോഴായിരുന്നു പരാതിയുമായി ഊരുനിവാസികൾ സമീപിച്ചത്. ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തത് മൂലം ഉന്നത പഠനത്തിനുള്ള പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നുവെന്നും പരാതി ഉയർന്നു. ആദിവാസി സമൂഹത്തിൽപ്പെട്ടവരാണോയെന്ന പരിശോധന കിർത്താഡ്‌സ് നടത്തിയിരുന്നു. പഠനം കഴിഞ്ഞിട്ട് മൂന്ന് വർഷമായെങ്കിലും റിപ്പോർട്ട് പുറത്ത് വന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ഓരോ കുടുംബത്തിന്റെയും പ്രശ്‌നങ്ങൾ പഠിച്ച് സൂക്ഷമതല പദ്ധതികൾ ഉണ്ടാക്കണം. ഇതിനുള്ള പിന്തുണ തോമസ് ഐസക് വാഗ്ദാനം ചെയ്തു.
കുടിവെള്ള പ്രശ്‌നമാണ് ഊരുനിവാസികൾ ഉന്നയിച്ച മറ്റൊരു പ്രശ്‌നം. അവർ ആവശ്യപ്പെട്ടത് പ്രകാരം കുടിവെള്ള സ്രോതസ് തോമസ് ഐസക് സന്ദർശിച്ചു. കുടിവെള്ള പ്രശ്‌നത്തിന് ശാസ്ത്രീയ പഠനം നടത്തി ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പ് നൽകി. എം.എസ് രാജേന്ദ്രൻ, റോബിൻ, പി.എസ് ഉത്തമൻ, അജിത്ത് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.